യുഡിഎഫ് പിന്തുണ വേണ്ടെന്ന് ഉറപ്പിച്ച് എല്‍ഡിഎഫ്; അവിണിശ്ശേരില്‍ തുടര്‍ഭരണം സാധ്യമാക്കാന്‍ ബിജെപി

By Web TeamFirst Published Dec 31, 2020, 7:39 AM IST
Highlights

അടുത്ത വോട്ടിംഗിൽ ബിജെപിക്ക് തുടർ ഭരണം കിട്ടാനാണ് സാധ്യത. ജില്ലാ നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നാണ് യുഡിഎഫ് പ്രാദേശിക നേതൃത്ത്വത്തിന്റെ നിലപാട്. പിന്തുണ വേണ്ടെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇടതുപക്ഷവും വ്യക്തമാക്കി

തൃശൂര്‍: അനിശ്ചിതത്വം നിലനില്‍ക്കുന്ന തൃശൂർ അവിണിശ്ശേരി പഞ്ചായത്തിൽ അടുത്ത നീക്കങ്ങളെക്കുറിച്ചു മുന്നണികളിൽ ചർച്ച തുടങ്ങി. അടുത്ത വോട്ടിംഗിൽ ബിജെപിക്ക് തുടർ ഭരണം കിട്ടാനാണ് സാധ്യത. ജില്ലാ നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നാണ് യുഡിഎഫ് പ്രാദേശിക നേതൃത്ത്വത്തിന്റെ നിലപാട്.

പിന്തുണ വേണ്ടെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇടതുപക്ഷവും വ്യക്തമാക്കി. യുഡിഎഫ് പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എ ആർ രാജുവും, വൈസ് പ്രസിഡന്റ് ഇന്ദിര ജയകുമാറും രാജിവെച്ചതോടൊയാണ് ബിജെപിക്ക് വീണ്ടും അവസരമൊരുങ്ങുന്നത്.

എന്ത് വില കൊടുത്തും ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റണമെന്നാണ് യുഡിഎഫ് പ്രാദേശിക നേതൃത്വം കരുതുന്നത്. എന്നാൽ വീണ്ടും പിന്തുണ നൽകാൻ ഡിസിസി അനുവദിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കേ യുഡിഎഫിൽ നിന്ന് പിന്തുണ സ്വീകരിക്കുന്നത് തിരിച്ചടിയാകും എന്നാണ് എൽഡിഎഫ് വിലയിരുത്തൽ.

14 സീറ്റുകളുള്ള പഞ്ചായത്തിൽ ആറ് സീറ്റുകളോടെയാണ് ബിജെപി വലിയ ഒറ്റക്കക്ഷിയായത്. എൽഡിഎഫിന് അഞ്ചും യുഡിഎഫിന് മൂന്നും സീറ്റുകളാണുള്ളത്. ഇരുമുന്നണികളും വോട്ട് കച്ചവടം നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നാണ് ബിജെപി നിലപാട്.

ഇതിനെതിരെ ജില്ലയിൽ വ്യാപക പ്രചാരണം നടത്താനും പാർട്ടി ആലോചിക്കുന്നുണ്ട്. തന്ത്രങ്ങൾ മെനയാൻ രണ്ടാഴ്ച സമയം മുന്നണികൾക്കുണ്ട്. നിലപാട് മാറ്റാൻ എല്‍ഡിഎഫ് തയ്യാറായില്ലെങ്കിൽ മധ്യകേരളത്തിൽ അധികാരത്തിലിരുന്ന ഏക പഞ്ചായത്തിന്റെ തുടർ ഭരണം നേട്ടം ബിജെപിക്ക് സാധ്യമാകും.

click me!