
കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി നാളെ കേരളത്തിലെത്തും. വിവിധ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥമാണ് എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കാ ഗാന്ധി നാളെ എത്തുന്നത്. രാവിലെ 11.30ന് പ്രത്യേക വിമാനത്തില്‍ പ്രിയങ്ക ദില്ലിയിൽ നിന്നും കൊച്ചിയില്‍ എത്തിച്ചേരും. 12.05ന് ആദ്യ പ്രചാരണ സ്ഥലമായ തൃശൂർ എരിയാടേക്ക് ഹെലികോപ്റ്ററിൽ എത്തും.
12.15ന് യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ മത്സരിക്കുന്ന ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ എരിയാട് പൊതുസമ്മേളനത്തിൽ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് എരിയാട് നിന്ന് ഹെലികോപ്റ്ററിൽ പത്തനംതിട്ടയിലേക്ക് തിരിക്കും. യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയിൽ പൊതുസമ്മേളനത്തിൽ പങ്കെടുത്ത ശേഷം 3.40ന് അതേ ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിക്കും.
വൈകുന്നേരം 3.30 മുതൽ 4.50 വരെ തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി റോഡ് ഷോയിലും പൊതുസമ്മേളനത്തിലും പങ്കെടുത്ത ശേഷം രാത്രി 8.45ന് പ്രത്യേക വിമാനത്തിൽ പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്ക് മടങ്ങും.
അതേസമയം, 24 ന് രാഹുൽഗാന്ധി മത്സരിക്കുന്ന വയനാട്ടിലും പ്രിയങ്ക പ്രചരണത്തിന് ഇറങ്ങും. മറ്റ് പ്രമുഖ നേതാക്കളും പിന്നാലെ എത്തുന്നുണ്ട്. 21-ന് പി ചിദംബരം തിരുവനന്തപുരത്ത് എത്തും. 22 ന് രാഹുൽഗാന്ധി തൃശൂർ, കൊട്ടാരക്കര, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ പ്രചരണ പരിപാടികളിൽ പങ്കെടുക്കും. മറ്റ് നേതാക്കളുടെ പ്രചരണ പരിപാടികളുടെ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam