
ദില്ലി: കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം ജൂലൈ 26ന് നാട്ടിലെത്തിക്കും. ടൊറന്റോയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഗിരീഷ് ജുനേജ സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസിനെ ഇക്കാര്യം അറിയിച്ചു.
ആവശ്യമായ രേഖകൾ എല്ലാം സമർപ്പിച്ച് എൻ.ഒ.സിക്കുള്ള നടപടികളും പൂർത്തിയാക്കി. മൃതദേഹം ജൂലൈ 24 ന് ടൊറോൻ്റോയിൽ നിന്നും തിരിക്കുന്ന എ.ഐ 188 എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുവരും. ജൂലൈ 25 ന് ഉച്ചയ്ക്ക് 2:40 മൃതദേഹം ദില്ലി വിമാനത്താവളത്തിലെത്തിക്കും. ഇവിടെ നിന്നും ജൂലൈ 26 ന് രാവിലെ 8.10 നുള്ള എ.ഐ. 833 എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം ദില്ലിയിൽ നിന്നും കൊച്ചിയിൽ എത്തിക്കും.
കാനഡയിലെ മാനിടോബയിൽ സ്റ്റൈൻ ബാക് സൗത്ത് എയർപോട്ടിന് സമീപം ജൂലൈ ഒൻപത് ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 8.45നായിരുന്നു അപകടം. തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരിയും കാനഡ സ്വദേശി സാവന്ന മെയ് റോയ്സുമാണ് മരിച്ചത്. റൺവേയിലേക്ക് പറന്നിറങ്ങി പൊടുന്നനെ വീണ്ടും പറന്നുയരുന്നതിനുള്ള പരിശീലനത്തിനിടെയാണ് വിമാന അപകടം ഉണ്ടായത്. ഹാർവ്സ് എയർ പൈലറ്റ് ട്രെയിനിങ് സ്കൂളിൽ ഇരുവരും പഠിച്ചിരുന്നത്.
പൈലറ്റുമാർ മാത്രമാണ് രണ്ട് സെസ്‌ന വിമാനങ്ങളിലും ഉണ്ടായിരുന്നത്. ആശയ വിനിമയ സംവിധാനത്തിലെ പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂട്ടിയിടിച്ച വിമാനങ്ങൾ എയർ സ്ട്രിപ്പിന് 400 മീറ്റർ അകലെ പാടത്ത് തകർന്നു വീണു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam