
കോഴിക്കോട്: മെഡിക്കൽ കോളജിൽ അർബുദത്തിനുള്ള മരുന്നുകള്‍ക്ക് ക്ഷാമം. കീമോ തെറാപ്പിക്ക് പകരമായി ഉപയോഗിക്കുന്ന കാപ്സിറ്റൈബിൻ ഉള്‍പ്പെടെയുളള ഗുളികകളുടെ വിതരണം നിലച്ചിട്ട് മൂന്നു മാസം കഴിഞ്ഞു. ഇതോടെ വന്‍ തുക മുടക്കി പുറമെ നിന്ന് മരുന്ന് വാങ്ങിക്കേണ്ട ഗതികേടിലാണ് രോഗികള്‍.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഓങ്കോളജി വിഭാഗത്തില്‍ നിത്യേനെ മുന്നൂറോളം രോഗികള്‍ ചികിത്സയ്ക്കെത്തുന്നുണ്ട്. കാന്‍സര്‍ രോഗികളില്‍ നല്ലൊരു ശതമാനത്തിനും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുളള കാപ്സിറ്റൈബിൻ അടക്കമുളള ഗുളികകളുടെ വിതരണം നിലച്ചതോടെ രോഗികള്‍ കടുത്ത പ്രതിസന്ധിയിലാണ്. മരുന്നിന് വരുന്നവരുടെ പേരും ഫോണ്‍ നമ്പറും വാങ്ങി സ്റ്റോക്ക് വരുമ്പോൾ അറിയിക്കാമെന്ന് മറുപടിയാണ് ഫാര്‍മസി ജീവനക്കാര്‍ നല്‍കുന്നത്.
കീമോ ഇൻജക്ഷൻ നൽകാൻ സാധിക്കാത്ത രോഗികൾക്ക് പകരമായി നൽകുന്ന ഗുളികയാണ് കാപ്സിറ്റൈബിന്‍. സ്വകാര്യ ഫാർമസികളിൽ ഒരു ഗുളികയുടെ വില 50 രൂപ മുതലാണ്. ഒരു ദിവസം മൂന്ന് ഗുളികകൾവരെ കഴിക്കേണ്ട രോഗികളുണ്ട്. അതായത് ഒരു മാസത്തേക്ക് ഈ ഗുളികയ്ക്ക് മാത്രമായി അയ്യായിരത്തോളം രൂപയാണ് ചെലവിടേണ്ടി വരുന്നത്.
മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ നിന്നുളള മരുന്ന് വിതരണം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഈ വര്‍ഷം1,32,300 കാപ്സിറ്റൈബിന്‍ ഗുളികകൾ ആവശ്യപ്പെട്ടപ്പോള്‍ കിട്ടിയത് 63,400 ഗുളികകൾ മാത്രം. അതായത് ആവശ്യപ്പെട്ടതിന്‍റെ പകുതി പോലും കിട്ടിയില്ലെന്ന് വ്യക്തം. പുതിയ സ്റ്റോക്ക് എന്ന് വരുമെന്ന ചോദ്യത്തിന് ആശുപത്രി അധികൃതര്‍ക്ക് മറുപടിയുമില്ല. വിഷയത്തിൽ പ്രതികരിക്കാൻ മെഡിക്കൽ സർവീസ് കോർപറേഷൻ തയ്യാറായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam