എംജിയില്‍ അധ്യാപക നിയമനത്തിലും ചട്ടലംഘനം; ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ വിസി പങ്കെടുക്കാറില്ല, പരാതിയിൽ ഹിയറിംഗ് വിളിച്ച് ഗവർണർ

By Web TeamFirst Published Dec 28, 2019, 5:27 AM IST
Highlights

ഗാന്ധിയൻ സ്റ്റഡീസിലെ അധ്യാപക നിയമനത്തില്‍ വിസിയുടെ അഭാവത്തില്‍ ക്രമക്കേട് നടന്നെന്ന പരാതി ഗവര്‍ണ്ണര്‍ക്ക് ലഭിച്ചു. 

കോട്ടയം: അധ്യാപക നിയമനത്തിലും സര്‍വകലാശാല നിയമങ്ങള്‍ ലംഘിച്ച് എംജി സര്‍വകലാശാല വൈസ് ചാൻസിലര്‍. ഇന്‍റര്‍വ്യൂബോര്‍ഡില്‍ വൈസ്ചാൻസിലര്‍ നിര്‍ബന്ധമായും വേണമെന്ന ചട്ടം പല തവണ ലംഘിച്ചു. ഗാന്ധിയൻ സ്റ്റഡീസിലെ അധ്യാപക നിയമനത്തില്‍ വിസിയുടെ അഭാവത്തില്‍ ക്രമക്കേട് നടന്നെന്ന പരാതി ഗവര്‍ണ്ണര്‍ക്ക് ലഭിച്ചു. 

ഗാന്ധിയൻ സ്റ്റഡീസിലെ അധ്യാപക നിയമനത്തിന്‍റെ അഭിമുഖം സെപ്റ്റംബര്‍ അവസാന വാരമാണ് നടന്നത്. പൊതുവിഭാഗത്തില്‍ ഒന്നും സംവരണ വിഭാഗത്തിലേക്ക് രണ്ടും ഒഴിവുകള്‍. 275 ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിച്ചു. മൂന്ന് ദിവസം കൊണ്ട് തിരക്കിട്ട് നടത്തിയ അഭിമുഖത്തില്‍ പക്ഷേ സര്‍വകലാശാല വൈസ്ചാൻസിലര്‍ പങ്കെടുത്തില്ല. പകരം പ്രോവൈസ്ചാൻസിലര്‍ അഭിമുഖം നടത്തി. പ്രത്യേക അവധിയെടുക്കാതെ തന്നെ വിസി അഭിമുഖത്തില്‍ നിന്നും മാറി നിന്നു. 

വിസിയുടെ അഭാവത്തില്‍ പിവിസിക്ക് പകരം ചുമതല വഹിക്കാം എന്നതല്ലാതെ അദ്ദേഹത്തിന്‍റെ അധികാരം നേരിട്ട് ഉപയോഗിക്കാൻ പറ്റില്ലെന്ന് സര്‍വകലാശാല നിയമത്തില്‍ വ്യക്താമായി പറയുന്നു. ഗാന്ധിയൻ സ്റ്റഡീസില്‍ മൂന്ന് അധ്യാപകരെ പിവിസി അടങ്ങുന്ന സമിതി തെരഞ്ഞെടുത്തു. ഇനിയാണ് വിചിത്ര നടപടി. നിയമനം നടന്ന് മൂന്ന് പേരും കോളേജില്‍ പഠിപ്പിക്കാൻ എത്തിക്കഴിഞ്ഞ ശേഷമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. അതായത് അപക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ റാങ്ക് ലിസ്റ്റ് കാണുന്നത് നിയമനം നടന്ന ശേഷം. 

യുജിസി മാനദണ്ഡമനുസരിച്ച് നിര്‍ദ്ദിഷ്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം വേണമെന്നുണ്ട്. എന്നാല്‍ നിയമനം ലഭിച്ച മൂന്ന് പേര്‍ക്കും ഗാന്ധിയൻ സ്റ്റഡീസിലോ ഡെവലപ്പ്മെന്‍റ് സ്റ്റഡീസിലോ പിജി ഇല്ല. പിഎച്ച്ഡിയും ഗൈഡ്ഷിപ്പും പത്ത് വര്‍ഷം അധ്യാപന പരിചയവുമുള്ളവരും തഴയപ്പെട്ടു. പരാതിയിൻമേല്‍ ഗവര്‍ണ്ണര്‍ ഉദ്യോഗാര്‍ത്ഥികളെ ഹിയറിംഗിന് വിളിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 28 നാണ് ഡോ. സാബു തോമസ് എംജിയില്‍ വൈസ്ചാൻസിലറായി ചുമതലയേല്‍ക്കുന്നത്. ഇതിനിടയില്‍ രണ്ട് മാസത്തോളം വിദേശത്ത് സെമിനാറില്‍ പങ്കെടുക്കാൻ ഗവര്‍ണ്ണറുടെ അനുമതിയോടെ പോയി. ഇക്കഴിഞ്ഞ ഒക്ടോബറില്‍ വിസി വിദേശത്തായതിനാല്‍ 5000 ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താനാകെ എംജിയില്‍ കെട്ടിക്കിടന്ന അവസ്ഥയുമുണ്ടായി.

click me!