പുതുശ്ശേരിക്കും മഞ്ഞക്കടമ്പനും സീറ്റില്ല: പിജെ ജോസഫ് വിഭാഗത്തിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക

By Web TeamFirst Published Mar 13, 2021, 11:46 AM IST
Highlights

13 സീറ്റ് ആവശ്യപ്പെട്ടെങ്കിലും പത്ത് സീറ്റാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് യുഡിഎഫ് നൽകിയിട്ടുള്ളത്. 

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം, തൃക്കരിപ്പൂരിൽ കെഎം മാണിയുടെ മരുമകൻ എംപി ജോസഫാണ് സ്ഥാനാര്‍ത്ഥി. ജോസഫ് എം പുതുശ്ശേരിയും വിക്ടര്‍ ടി തോമസും അവകാശവാദം ഉന്നയിച്ചിരുന്ന  തിരുവല്ലയിലും അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയാണ് പട്ടികയിൽ.  

പിജെ ജോസഫ് തൊടുപുഴയിലും മോൻസ് ജോസഫ് കടുത്തുരുത്തിയിലും മത്സരിക്കും. ഫ്രാൻസിസ് ജോര്‍ജ്ജിന്‍റെ മണ്ഡലം ഇടുക്കിയാണ്. ഇരിങ്ങാലക്കുട സീറ്റിൽ തോമസ് ഉണ്ണിയാടൻ സ്ഥാനാര്‍ത്ഥിയാകും. കോതമംഗലത്ത് ഷിബു തെക്കുംപുറം, കുട്ടനാട്ടിൽ അഡ്വ. ജേക്കബ് എബ്രഹാം, ചങ്ങനാശ്ശേരിയിൽ വിജെ ലാലി, ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസ്, തിരുവല്ലയിൽ കുഞ്ഞുകോശി പോൾ, തൃക്കരിപ്പൂരിൽ എംപി ജോസഫ് എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥി പട്ടിക. 

ജോസഫ് എം പുതുശ്ശേരിക്കും സജി മഞ്ഞക്കടന്പനും സീറ്റില്ലാത്തത് തിരുവല്ലയിലും ഏറ്റുമാനൂരും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയേക്കും. സജി മഞ്ഞക്കടമ്പന്റെ പേര് പരിഗണിച്ചിരുന്ന ഏറ്റുമാനൂര്‍ മണ്ഡലത്തിൽ പ്രിൻസ് ലൂക്കോസിനാണ് അവസരം കിട്ടിയത്. ചങ്ങനാശ്ശേരിയിൽ സിഎഫ് തോമസിന്റെ കുടുംബത്തിൽ നിന്നൊരാൾ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാനം പരിഗണിച്ചത് വിജെ ലാലിയെയാണ്. പ്രാദേശിക പിന്തുണ കൂടി കണക്കിലെടുത്തെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. 

13 സീറ്റാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം യുഡിഎഫിനോട് ആവശ്യപ്പെട്ടത്. എന്നാൽ 9 സീറ്റ് മാത്രമെ നൽകാനാകു എന്ന നിലപാടിലായിരുന്നു മുന്നണി. അവസാന നിമിഷമാണ് തൃക്കരിപ്പൂര്‍ കൂടി ജോസഫിന് വിട്ട് നൽകാൻ ധാരണയായത്. ഇവിടെയാണ് കെഎം മാണിയുടെ മരുമകൻ എംപി ജോസഫ് സ്ഥാനാര്‍ത്ഥിയായി എത്തിയത്. 

പിളര്‍പ്പിന് മുമ്പ് 15 സീറ്റിലാണ് കേരളാ കോൺഗ്രസ് മത്സരിച്ചിരുന്നത്. ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിക്ക് ഒപ്പവും പിജെ ജോസഫ് പക്ഷം യുഡിഎഫിനൊപ്പവും ജനവിധി തേടുന്ന ഈ തെരഞ്ഞെടുപ്പിൽ പക്ഷെ കേരളാ കോൺഗ്രസ് മത്സരിക്കുന്നത് 23 സീറ്റിലാണ്. 13 സീറ്റാണ് ഇടതുമുന്നണി ജോസ് കെ മാണി വിഭാഗത്തിന് നൽകിയിട്ടുള്ളത്, 

click me!