
കൊച്ചി: വിവാഹ മോചന കേസുകളിലും കുടുംബ തർക്കങ്ങളിലും ഭാര്യയ്ക്കും കുട്ടികൾക്കും ജീവനാംശം നൽകുന്നതിൽ തട്ടിപ്പ് കാണിക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ കർശന നിലപാടുമായി കേരള ഹൈക്കോടതി. ജീവനാംശം കണക്കുകൂട്ടുമ്പോൾ വരുമാനം കുറച്ച് കാണിക്കാൻ വായ്പകളും ഇഎംഐകളും ഇൻഷുറൻസ് അടവുകളും കണക്കിൽ കാണിക്കുന്നതിനെതിരെയാണ് ഹൈക്കോടതി നിർദ്ദേശം. ജീവനാംശം നിശ്ചയിക്കാൻ ഭർത്താവിന്റെ വരുമാനം പരിഗണിക്കുമ്പോൾ വായ്പ തിരിച്ചടവും മറ്റും കണക്കിലെടുക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ജീവനാംശം നൽകേണ്ട തുക കുറച്ചു കിട്ടാനായി വായ്പയെടുത്തും ഇൻഷുറൻസ് പോളിസി എടുത്തും പിഎഫിൽ തുക കൂട്ടി അടച്ചും കയ്യിൽക്കിട്ടുന്ന ശമ്പളം കുറച്ചു കാണിക്കുന്ന ഭർത്താക്കന്മാരുടെ തന്ത്രം പ്രോത്സാഹിപ്പിക്കാനാകില്ലെന്നാണ് കോടതി വിശദമാക്കിയത്.
ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിന്റേതാണ് തീരുമാനം. കുടുംബ കോടതി തീരുമാനത്തിനെതിരായ കണ്ണൂർ സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വായ്പാ ഇഎംഐയും വരുമാനത്തിൽ നിന്നുള്ള മറ്റ് അടവുകളും പരിഗണിക്കാതെ ജീവനാംശം തീരുമാനിച്ചെന്നായിരുന്നു പരാതിക്കാരൻ കോടതിയെ അറിയിച്ചത്. ഭാര്യയ്ക്ക് മാസം തോറും ആറായിരം രൂപയും കുഞ്ഞിന് 3500 രൂപയും നൽകാനായിരുന്നു കുടുംബ കോടതി വിധി. ഈ തുക നിലവിലെ സാഹചര്യത്തിൽ കാര്യങ്ങൾ നടന്നുപോകാൻ ആവശ്യമായതിലും കുറവാണെന്നും കോടതി നിരീക്ഷിച്ചു.
ഭാര്യയ്ക്കും കുഞ്ഞിനും ജീവനാംശം നൽകാമെന്ന് ധാരണയിലെത്തിയ ശേഷം വായ്പകളുടെ പേരിൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാവില്ലെന്നും കോടതി വ്യക്തമാക്കി. പങ്കാളിയുമായി തർക്കം വരുന്ന സമയത്ത് കയ്യിലെത്തുന്ന വരുമാന തുക കുറച്ച് കാണിക്കുന്നതിനായി അനാവശ്യമായി ലോൺ എടുക്കുന്നതും ഇൻഷുറൻസ് പോളിസികളെടുക്കുന്നതും പിഎഫിലേക്ക് കൂടുതൽ പണം അടയ്ക്കുന്നതുമായുള്ള സംഭവങ്ങൾ വർദ്ധിക്കുന്നതായും കോടതി നിരീക്ഷിച്ചു. മൊത്തം വരുമാനത്തെ ആസ്പദമാക്കിയാവണം ജീവനാംശം തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam