കണ്ണൂരിലേയും വയനാട്ടിലേയും അതിർത്തി റോഡുകൾ തുറക്കാമെന്ന് കർണാടകം: കാസർകോട്ടെ റോഡുകൾ തുറക്കില്ല

Published : Mar 31, 2020, 01:11 PM ISTUpdated : Mar 31, 2020, 01:16 PM IST
കണ്ണൂരിലേയും വയനാട്ടിലേയും അതിർത്തി റോഡുകൾ തുറക്കാമെന്ന് കർണാടകം: കാസർകോട്ടെ റോഡുകൾ തുറക്കില്ല

Synopsis

 മംഗലാപുരം –കാസർകോ‍ഡ് അതിർത്തിയിലൂടെ  ആംബുലൻസ് അടക്കം കടത്തിവിടാനാകില്ലെന്ന കർശന നിലപാടിലാണ് കർണാടകം

കൊച്ചി: കേരളത്തിലേക്കുളള രണ്ട് അതിർത്തി റോഡുകൾ തുറക്കാമെന്ന് കർണാടക സർക്കാർ കേരളാ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ മംഗലാപുരം –കാസർകോ‍ഡ് അതിർത്തിയിലൂടെ  ആംബുലൻസ് അടക്കം കടത്തിവിടാനാകില്ലെന്ന നിലപാടിലാണ് കർണടകം. കർണാടകയുടെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി അതിർത്തി റോഡുകൾ അടച്ചിടരുതെന്ന കേന്ദ്ര നിർദേശം പാലിക്കാൻ കർണാടകത്തിന് ബാധ്യതയുണ്ടെന്ന് അറിയിച്ചു.

ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ കേരള –കർണാടക അതിർത്തി റോ‍ഡുകൾ മണ്ണിട്ടടച്ച നടപടി ചോദ്യം ചെയ്തുളള പൊതു താൽപര്യ ഹർ‍ജിയാണ് ഹൈക്കോടതി വീഡിയോ കോൺഫറൻസിങ്ങിലൂടെ പരിഗണിച്ചത്. വയനാട് അതിർത്തിയുമായി ബന്ധിപ്പിക്കുന്ന  ഇരിട്ടി, മാനന്തവാടി,സർഗൂർ, മൈസൂർ റോഡും  സുൽത്താൻ ബത്തേരി - ഗുണ്ടൽപ്പേട്ട് - മൈസൂർ റോഡും തുറക്കാമെന്ന് കർണാടക സർക്കാരിന് വേണ്ടി വീഡിയോ കോൺഫറൻസിലൂടെ ഹാജരായ അഡ്വക്കറ്റ് ജനറൽ കേസ് പരി​ഗണിച്ച ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ‌

എന്നാൽ മംഗലാപുരം- കാസർകോഡ്  റോ‍ഡിന്‍റെ കാര്യത്തിൽ കർണാടകം കടുംപിടുത്തം തുടരുകയാണ്. രോഗികളുമായെത്തുന്ന ആംബുലൻസുകളെ എങ്കിലും കടത്തിവിടുന്നത് പരിഗണിക്കണമെന്ന് ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ബുദ്ധിമുട്ടറിയിച്ച കർണാടകം  മംഗാലാപുരം - കാസർകോ‍ഡ് റൂട്ടിൽ ജനബാഹുല്യം കൂടുതലാണെന്നും ഇക്കാര്യത്തിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും മറുപടി നൽകി. വരുന്ന ആളുകൾ കൊവിഡ് ബാധിതരാണോ എന്നു തിരിച്ചറിയാൻ മാ‍​ർ​ഗമില്ലെന്നും വ്യക്തമാക്കി. 

ചരക്കുനീക്കത്തിന് ആവശ്യമായ റോഡുകൾ ഇപ്പോൾത്തന്നെയുണ്ടെന്നും കർണാടകം നിലപാടെടുത്തു. അതിർത്തി റോഡുകളുടെ കാര്യത്തിൽ കേന്ദ്ര നിർദേശം പാലിക്കാൻ കർണാടകത്തിന് ബാധ്യതയുണ്ടെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്‍റെ മറുപടി. കാസർകോ‍‍ഡ്- മംഗലാപുരം റൂട്ടിന്‍റെ കാര്യത്തിൽ നിലപാടറിയിക്കാൻ കേരളത്തിന്റേയും കർണാടകത്തിന്റേയും എജിമാരോട്  കോടതി ആവശ്യപ്പെട്ടു.

മം​ഗളൂരുവിലെ പ്രത്യേക സാഹചര്യം കണക്കിലെടുക്കാൻ കേന്ദ്ര സർക്കാരിന് കത്ത് അയക്കാൻ ഉദ്ദേശിക്കുന്നതായി കർണാടക കോടതിയെ അറിയിച്ചു. അതേസമയം കർണാടകം അതി‍ർത്തി അടച്ചതു മൂലം കൃത്യസമയത്ത് ചികിത്സ കിട്ടാതെ രണ്ടു പേർ മരിച്ചതായി കേരളം കോടതിയെ ബോധിപ്പിച്ചു. അതി‍ർത്തിയിലെ ആറു റോഡുകൾ കർണാടകം അ‌‌ടച്ചെന്നും ഇങ്ങനെയൊക്കെ ചെയ്യാൻ ഇതു ഇന്ത്യ-പാകിസ്ഥാൻ അതി‍‍ർത്തിയാണോ എന്നും കേരളത്തിന് വേണ്ടിയ ഹാജരായ അഡ്വക്കറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ ചോദിച്ചു.

അതേസമയം വിഷയത്തിൽ നിയമപരമായി ഇടപെടാനല്ല  പ്രശ്നപരിഹാരത്തിനാണ് കോടതി ആ​ഗ്രഹിക്കുന്നതെന്ന് ജസ്റ്റിസ് ജയശങ്കർ നമ്പ്യാ‍ർ പറഞ്ഞു. കണ്ണൂരിലുള്ളവർക്ക് കണ്ണൂരും, കാസ‍ർ​കോട് ഉള്ളവർക്കും മം​ഗളൂരുവുമാണ് ഇടപെടാനും എത്തിപ്പെടാനും സൗകര്യപ്രദമെന്നും ആ നിലയിലൊരു പരിഹാരം നി‍‍ർദേശിക്കണമെന്നും കോടതി ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു.  ഹർജി നാളെ ഉച്ചയ്ക്കു ശേഷം പരിഗണിക്കും.

PREV
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ