
തിരുവനന്തപുരം. തലസ്ഥാനത്തെ സംഘർഷത്തിനിടെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി തല്ലിയ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധത്തിലാണ്. കൻ്റോൺമെന്റ് എസ് എച്ച് ഓ സതീഷ് എസ് ഐ ഗോകുൽ എന്നിവരുടെ വീടുകളിലേക്ക് മാർച്ചും പ്രഖ്യാപിച്ചു. പിന്നാലെയാണ് എസ് ഐ ഗോകുലിൻ്റെ ഓഡിയോ സിപിഎം പുറത്ത് വിട്ടത്. വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫിസിൽ കയറുമെന്നാണ് ഗോകുലിൻ്റെ ഭീഷണി. എസ്എഫ്ഐ ജില്ലാസെക്രട്ടറി നന്ദനെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോയാണ് പുറത്ത് വന്നത്. പുറത്ത് വന്ന ഓഡിയോ ഇങ്ങനെയാണ്.
" കൻ്റോൺമെൻ്റ് എസ്ഐ ഗോകുലാണ് ഞാൻ, നിങ്ങൾ എൻ്റെ വീട്ടിലേക്ക് മാർച്ച് നടത്തിയാൽ ഞങ്ങൾ പാർട്ടി ഓഫീസിൽ കയറും. ചെയ്യാൻ പറ്റുന്നതൊക്കെ നീ ചെയ്യ്. ആഭ്യന്തരമന്ത്രി പറഞ്ഞത് കൊണ്ടാണ് അറസ്റ്റ് നീട്ടി വച്ചത്. നിങ്ങൾ മര്യാദക്കാണെങ്കിൽ മര്യാദ. നീ എവിടെ ഇരിക്കുകയാണെന്ന് നമുക്കറിയാം"
തിരുവനന്തപുരത്തെ മാർച്ചിന് പിന്നാലെ കോൺഗ്രസും സിപിഎമ്മും തമ്മിൽ വലിയ സംഘർഷം നിൽക്കുന്നു. പൊലീസിനെതിരെ പ്രതിഷേധസമരങ്ങൾ ശക്തം. ഇതിനിടെയാണ് എസ്ഐയുടെ ഭീഷണി ഓഡിയോ പുറത്ത് വന്നത്. ഓഡിയോയെക്കുറിച്ച് അന്വേഷണത്തിന് എഡിജിപി പി വിജയൻ ഉത്തരവിട്ടു. സിറ്റി പൊലിസ് കമ്മീഷണറോട് അന്വേഷണം നടത്തി അടിയന്തിര നടപടിയെടുക്കാൻ എഡിജിപി നിർദ്ദേശം നൽകി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെയാണ് ആഭ്യന്തരമന്ത്രിയെ സിപിഎം നേതാക്കൾ നേരിട്ട് കണ്ടത്. അതിക്രൂരമായ ആക്രമണമാണ് പൊലീസ് നടത്തിയത്. എസ് എച്ച് ഒ സതീഷിനെതിരെയും എസ് ഐ ഗോകുലിനെതിരെയും നടപടി എടുക്കണമെന്നും രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന് ജില്ലാ സെക്രട്ടറി വി ജോയ് കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ കേസ് ഉണ്ട്. എസ്ഐയുടെ ഫോട്ടോ വച്ച് സൈബർ ആക്രമണവും സിപിഎം നടക്കുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് തലസ്ഥാനത്തെ സംഘർഷവും പൊലീസ് മർദ്ദനവും. യൂത്ത് കോൺഗ്രസ് മാർച്ചിനിടെയാണ് എഫ്എഫ്ഐയുമായി സംഘർഷമുണ്ടായത്. മാർച്ചിനിടെ കറണ്ട് പോയപ്പോൾ ഹോസ്റ്റിലിൽ നിന്ന് കൂവലുണ്ടായി. ഇതിൽ പ്രതിഷേധിച്ചാണ് തീപ്പന്തവും കല്ലും യൂത്ത് കോൺഗ്രസുകാർ എറിഞ്ഞത്. എന്നാൽ മാർച്ചിന് നേരെ എസ്എഫ്ഐ കല്ലേറ് നടത്തിയതാണ് സംഘർഷത്തിലെത്തിയതെന്നാണ് കോൺഗ്രസ് ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam