
കോട്ടയം: തലയോലപ്പറമ്പ് തലപ്പാറയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കരിപ്പാടം സ്വദേശികളായ മുർത്താസ് അലി റഷീദ്, വൈക്കം സ്വദേശി റിത്വിക്ക് എന്നിവരാണ് മരിച്ചത്. അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. തലപ്പാറ കൊങ്ങിണിമുക്ക് ജംഗ്ഷനിൽ വെച്ചാണ് അപകടം. അതേസമയം എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യം വ്യക്തമല്ല. കാർ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചു കയറുകയാണുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കാർ പൂർണ്ണമായും തകർന്നു. കാറിനകത്ത് ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുർത്താസും റിത്വിക്കും ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ഇന്ന് തന്നെ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് തലയോലപ്പറമ്പ് പൊലീസ് അറിയിച്ചു.
വണ്ടൂരിൽ ഇന്നോവ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഇന്നോവ കാർ മരത്തിലിടിക്കുകയായിരുന്നു. വണ്ടൂരിനടുത്ത് കൂരിയാട് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ ഏഴ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 62 വയസുള്ള മൈമുന എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ പേരക്കുട്ടിയെ മൈസൂരിൽ നഴ്സിംഗിന് ചേർത്തതിന് ശേഷം തിരികെ വരികയായിരുന്നു കുടുംബം. വീട്ടിലേക്കെത്താൻ ഒന്നരകിലോമീറ്റർ ദൂരം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അപകടം. പരിക്കേറ്റവരിൽ 2 കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മൈമുന മരിച്ചിരുന്നു. ഇന്നോവ കാർ പൂർണമായി തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് സംശയമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല.