
മലപ്പുറം: കൂട്ടിലങ്ങാടിയിൽ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ കണ്ടെത്തി. മഞ്ചേരി സ്വദേശി റാഫിയുടെ ഉടമസ്ഥതയിലുള്ള കാറാണ് കടുപുറം സ്വദേശി സുനീര്‍ എന്ന യുവാവിനെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഇടിച്ചിട്ടത്. ശേഷം നിർത്താതെ പോയ കാറിനെ മൂന്ന് മാസമായിട്ടും കണ്ടെത്താനാകാത്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ അന്വേഷണം ഊർജ്ജിതമാക്കിയ ക്രൈം ബ്രാഞ്ച് ഇന്നലെയാണ് കാർ കണ്ടെത്തിയത്. ഇന്ന് രാവിലെ കാർ കസ്റ്റഡിയിലെടുത്തു. റാഫിയും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലാണുള്ളത്.
ഒക്ടോബർ 18 രാത്രി ഒരു മണിയോടെ ആയിരുന്നു അപകടം. തെറ്റായ ദിശയിൽ വന്ന കാർ സുനീറിന്റെ സ്കൂട്ടറിനെ ഇടിച്ചുതെറി പ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ച് സുനീർ കാറിന്റെ ബോണറ്റിൽ വന്ന് വീണു. ഗുരുതരമായി പരിക്കേറ്റ സുനീറിനെ തിരിഞ്ഞു നോക്കാതെ അപകടമുണ്ടാക്കിയവര്‍ കാർ നിർത്താതെ പോയി. പിന്നാലെ വന്ന ഓട്ടോ ഡ്രൈവർ ആണ് സുനീറിനെ ആശുപത്രിയിൽ എത്തിച്ചത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വെളുത്ത മാരുതി സിഫ്റ്റ് ഡിസയര്‍ കാറാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമായെങ്കിലും നമ്പര്‍ ലഭിച്ചിരുന്നില്ല. നിർമ്മാണ തൊഴിലാളിയായ സുനീർ കിടപ്പിലായതോടെ കുടുംബം തീർത്തും ദുരിതത്തിലായി. മരുന്നിന് തന്നെ നിത്യേന വലിയൊരു തുക ആവശ്യമായ സ്ഥിതിയിൽ നാട്ടുകാരുടെ സഹായത്തോടെയാണ് ചികിത്സയും കുട്ടികളുടെ വിദ്യാഭ്യാസവുമടക്കം മുന്നോട്ട് പോകുന്നത്. അപകടത്തിനിടയാക്കിയ കാർ കണ്ടെത്തിയാലേ ഇൻഷുറൻസ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കൂവെന്ന സ്ഥിതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് 2024 ഡിസംബർ ഒൻപതിന് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിന് ശേഷമാണ് പൊലീസ് വീണ്ടും ശക്തമായ അന്വേഷണത്തിലേക്ക് പോയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam