
കൊച്ചി: കേരളത്തെ നടുക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ അമിത വേഗത സ്ഥിരീകരിച്ച് കാർ കമ്പനി ബിഎംഡബ്ല്യുവിന്‍റെ സാങ്കേതിക റിപ്പോർട്ട്. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് വേഗത 162 കിലോ മീറ്റർ ആയിരുന്നു. കൂട്ടിയിടിച്ച സമയത്ത് വേഗത 144 കി.മീ ആണ്. ബ്രേക്ക് അപ്ലൈ ചെയ്തത് അപകടത്തിന് ഒരു സെക്കൻഡ് മുമ്പാണെന്നും അന്വേഷണ സംഘത്തിന് കൈമാറിയ ബിഎംഡബ്ല്യുവിന്‍റെ സാങ്കേതിക റിപ്പോർട്ടിൽ പറയുന്നു. ക്രാഷ് ഡാറ്റ പരിശോധന റിപ്പോർട്ട് കേസിൽ നിർണായകമാണ്.
ദില്ലിയിൽ നിന്നാണ് സാങ്കേതിക വിദഗ്ധരെത്തിയത്. അപകടം നടക്കുമ്പോൾ, കാര്‍ ബ്രേക്ക് ചെയ്തിരുന്നോ എന്നറിയാനാണ് പരിശോധന നടത്തിയത്. കുറ്റപത്രം ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. സുഹൈൽ സജീവിന് കൂടുതൽ കുരുക്കാകുന്നതാണ് ഈ കണ്ടെത്തലുകൾ. അപകടത്തിൽ മിനി കൂപ്പർ കാർ അമിത വേഗത്തിലായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇത് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതാണ് കാർ കമ്പനിയുടെ റിപ്പോർട്ട്. വാഹനത്തിന്‍റെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് കമ്പനി റിപ്പോർട്ട് നൽകിയിട്ടുള്ളത്.
ഒക്ടോബർ 11 ന് പുലർച്ചെ 1.45ന് നെടുമ്പാശേരി എയര്‍പോർട്ട് റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. ഒന്നാം പ്രതി സുഹൈൽ സജീവ് മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് 3 പേരാണ് മരിച്ചത്. വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ച് തൽക്ഷണം മരിച്ചത്. വാഹനം ഓടിച്ച സുഹൈൽ സജീവിനെതിരെ നരഹത്യക്കുറ്റവും, കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ പ്രേരണാക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. പ്രതികൾ മദ്യപിച്ചിരുന്നതായും അമിത വേഗതയിലായിരുന്നു കാറെന്നും പൊലീസിന്റെയും പ്രോസിക്യൂഷന്റെയും കണ്ടെത്തലിലാണ് വ്യക്തമായിരുന്നു. സുഹൈലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. അന്വേഷണവും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam