
കൊച്ചി: കൊച്ചിയിൽ വാഹനാപകടത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനം നിർത്താതെ പോയതായി പരാതി. അപകടത്തിന്റെ ആഘാതത്തിൽ ഇരുചക്ര വാഹനത്തിൽ നിന്ന് വീണു പരിക്കെറ്റ യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് പറ്റിയ മട്ടാഞ്ചേരി സ്വദേശി തോപ്പുംപടി പൊലീസിൽ നൽകിയ പരാതിയിൽ തുടർ നടപടികൾ ഇഴയുകയാണ്. വ്യാഴാഴ്ച്ച രാത്രി കൊച്ചി ഹാർബർ പാലത്തിന് സമീപമായിരുന്നു അപകടം.
മട്ടാഞ്ചേരി സ്വദേശി വിമൽ സഞ്ചരിച്ചിരുന്ന ഇലക്ട്രിക്ക് സ്കൂട്ടർ എതിരെവന്ന നീല ബലെനോ വാഹനവുമായി കൂട്ടിയിടിച്ചു. സ്കൂട്ടർ യാത്രികൻ വീണിട്ടും വാഹനം നിർത്താതെ പോയി എന്നായിരുന്നു പരാതി. അന്ന് രാത്രി സംഭവം കണ്ട് പിന്നാലെ പോയ രണ്ട് പേർ വാഹനം തടഞ്ഞ് നിർത്തി ചോദിച്ചെങ്കിലും പിഴവ് സ്കൂട്ടർ യാത്രക്കാരന്റെതാണെന്ന് പറഞ്ഞ് കാർ ഓടിച്ചിരുന്ന കടവന്ത്ര എസ്എച്ച്ഒ മനുരാജ് ഒഴിഞ്ഞ് മാറി. അപകടത്തിൽ പരിക്ക്പറ്റിയ വിമൽ പരാതി നൽകി രണ്ട് ദിവസമായിട്ടും തോപ്പുംപടി പൊലീസ് കേസ് എടുത്തിട്ടില്ല. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്നും വാഹനത്തിലെ തകരാർ പരിഹരിക്കുക മാത്രമാണ് പരാതിക്കാരന്റെ ഇപ്പോഴത്തെ ആവശ്യമെന്നുമാണ് തോപ്പുംപടി പൊലീസ് വ്യക്തമാക്കുന്നത്.
എന്നാൽ പരാതി ഇതുവരെ പിൻവലിച്ചിട്ടില്ല. വാഹനം നിർത്താതെ പോയതല്ലെന്നും ഹാർബർ പാലത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ വണ്ടി മുന്നോട്ട് എടുത്തതാണെന്നും പോലീസിനെ താൻ അപ്പോൾ തന്നെ വിവരം അറിയിച്ചുവെന്നും കടവന്ത്ര എസ് എച്ച് ഒ മനു രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ പരിക്കേറ്റ യുവാവിന്റെ പരാതിയിൽ പൊലീസിലെ സഹപ്രവർത്തകനെതിര തൊപ്പുംപടി പൊലീസ് ഇതുവരെ കേസ് എടുക്കാത്തതാണ് ദുരൂഹം.
Read More... ചുരമിറങ്ങി തടികയറ്റിയ പിക്അപ്, ഇടിച്ചത് കുട്ടികളടക്കം നാലംഗ കുടുംബം സഞ്ചരിച്ച ബൈക്കിൽ, യുവതിക്ക് ദാരുണാന്ത്യം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam