ലേലം വീണ്ടും തുടങ്ങിയിട്ടും ഏലക്കയ്‌ക്ക് ന്യായവിലയില്ല; ഇടുക്കിയില്‍ പ്രതിസന്ധിയും പ്രതിഷേധവും

By Web TeamFirst Published Jun 15, 2020, 7:08 AM IST
Highlights

സർക്കാർ താങ്ങുവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു

ഇടുക്കി: ലേലം വീണ്ടും തുടങ്ങിയിട്ടും ഏലക്കയ്ക്ക് ന്യായവില കിട്ടാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ചില്ലറ വിപണിയിൽ കൊടുക്കുമ്പോൾ കിട്ടിയിരുന്ന വിലപോലും ഇപ്പോഴില്ലെന്നാണ് ഇവരുടെ ആശങ്ക. സർക്കാർ താങ്ങുവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. 

ലോക്ക് ഡൗണിൽ കുരുങ്ങി രണ്ടരമാസത്തോളം നിന്നുപോയ ഏലക്ക ലേലം കഴിഞ്ഞ 29നാണ് പുനരാരംഭിച്ചത്. ആദ്യദിവസങ്ങളിൽ നേരിയ പ്രതീക്ഷ നൽകിയെങ്കിലും പിന്നെ വില ഇടിഞ്ഞു. 1400 രൂപയാണ് നിലവിലെ ശരാശരി വില. ലോക്ക് ഡൗണ്‍ സമയത്ത് ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ 1700 വരെ കിട്ടിയിരുന്നിടത്താണ് ഇങ്ങനെ. നിയന്ത്രണങ്ങൾ ഇപ്പോഴുമുള്ളതിനാൽ ലേലം വിളിക്കാൻ തമിഴ്നാട്ടിലേയും ഉത്തരേന്ത്യയിലേയും വ്യാപാരികൾ എത്താത്തതാണ് വില ഉയരാത്തിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

പ്രളയവും കൊവിഡുമെല്ലാമായി നട്ടംതിരിയുന്ന കർഷകരെ സഹായിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അടിയന്തര നടപടികളുണ്ടായില്ലെങ്കിൽ വലിയ സമരങ്ങളിലേക്ക് കടക്കുമെന്നാണ് ഇവർ പറയുന്നത്. 

click me!