വിലത്തകർച്ചയിൽ നട്ടം തിരിഞ്ഞ് ഇടുക്കിയിലെ ഏലം കർഷകർ, തോട്ടം നശിപ്പിച്ച് പ്രതിഷേധം

By Web TeamFirst Published Dec 16, 2022, 6:55 AM IST
Highlights

രണ്ടുവര്‍ഷം മുമ്പ് കിലോയ്ക്ക് ശരാശരി നാലായിരം രൂപ കിട്ടിയിരുന്ന ഏലത്തിന് ഇപ്പോള്‍ ലഭിക്കുന്നത് 600 മുതല്‍ 700 രുപ . ഒരു കിലോ ഏലം ഉത്പാദിപ്പിക്കുമ്പോൾ ഏതാണ് ആയിരം രൂപയ്ക്കടുത്ത് ചെലവാകും

തൊടുപുഴ: ഏലത്തിനുണ്ടായ വില തകര്‍ച്ചയിൽ ‍ പ്രതിഷേധിച്ച് തോട്ടം തന്നെ വെട്ടി നശിപ്പിച്ച് ഇടുക്കി നെടുംങ്കണ്ടത്തെ കർഷകൻ. കോമ്പയാർ സ്വദേശി നടുവത്തിചിറ ബിജുവാണ് രണ്ടേക്കറോളം ഏലത്തോട്ടംവെട്ടി നശിപ്പിച്ചത്. വില തകര്‍ച്ച പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കൃഷി നശിക്കുമെന്നാണ് കര്‍ഷകരുടെ മുന്നറിയിപ്പ്

രണ്ടുവര്‍ഷം മുമ്പ് കിലോയ്ക്ക് ശരാശരി നാലായിരം രൂപ കിട്ടിയിരുന്ന ഏലത്തിന് ഇപ്പോള്‍ ലഭിക്കുന്നത് 600 മുതല്‍ 700 രുപ വരെ.ദിവസംതോറും വില കുറയുന്നു. ഒരു കിലോ ഏലം ഉത്പാദിപ്പിക്കുമ്പോൾ ഏതാണ് ആയിരം രൂപയ്ക്കടുത്ത് ചെലവാകും. ഇങ്ങനെ നഷ്ടം സഹിക്കാനാവാത്തതോടെയാണ് ബിജു തോട്ടം വെട്ടി നശിപ്പിച്ചത്. പത്തുവര്‍ഷം കൊണ്ടുനടന്ന രണ്ടേക്കര്‍ കൃഷിയാണ് ഉപേക്ഷിക്കുന്നത്.

വെട്ടി നശിപ്പിച്ച സ്ഥലത്ത് പയറും കാന്താരിയും കപ്പയുമോക്കെ നട്ട് നഷ്ടം നികത്താനാണ് ബിജുവിന്‍റെ തീരുമാനം. സർക്കാർ ഇടപെട്ടില്ലെങ്കില്‍ ഇതേ പാത പിന്തുടരുമെന്ന് മിക്ക കര്‍ഷകരും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു

ഇത്രയധികം വിലതകര്‍ച്ചയുണ്ടായിട്ടും സ്പൈസസ് ബോര്‍ഡ് മൗനം പാലിക്കുന്നതിലാണ് കർഷകര്‍ക്ക് ഏറ്റവുമധികം പ്രതിഷേധം. സര്‍ക്കാരും സ്പൈസസ് ബോര്‍ഡും ചേര്‍ന്ന് സബ്സിഡി അടക്കമുള്ള സഹായങ്ങള്‍ അടിയന്തിരമായി നല്‍കി പ്രതിസന്ധി പരിഹരിക്കമെന്നാണ് കർഷകരുടെ ആവശ്യം.

കേന്ദ്രസർക്കാർ പിന്തുണ തരുന്നില്ല; സ്പൈസസ് ബോർഡ് അംഗത്വം രാജിവച്ച് ഡീൻ കുര്യാക്കോസ് എംപി

click me!