കൊവിഡ്; എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്‍രോഗ വിഭാഗം അടച്ചു

By Web TeamFirst Published Jul 8, 2020, 10:40 AM IST
Highlights

ഉറവിടം അറിയാത്ത രോഗികളുടെയും സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെയും എണ്ണം കൂടുന്നത് എറണാകുളത്ത് സ്ഥിതി ഗുരുതരമാക്കിയിരിക്കുകയാണ്. 

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്‍രോഗ വിഭാഗം അടച്ചു. ഇവിടെ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. ഉറവിടം അറിയാത്ത രോഗികളുടെയും സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെയും എണ്ണം കൂടുന്നത് എറണാകുളത്ത് സ്ഥിതി ഗുരുതരമാക്കിയിരിക്കുകയാണ്. എറണാകുളത്ത് ഇന്നലെ 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒന്‍പത് പേരും രോഗബാധിതരായത് സമ്പര്‍ക്കം വഴിയാണ്. 

വരും ദിവസങ്ങളിൽ വിപുലമായ ആന്‍റിജന്‍ പരിശോധന നടത്താൻ 15000 കിറ്റുകൾ ജില്ലാ താലൂക്ക് ആശുപത്രികളിൽ എത്തിച്ചു. കണ്ടെയിന്‍മെന്‍റ് സോണുകളിൽ 167 പേർക്ക് ഇന്നലെ പരിശോധന നടത്തി.  ഫലമെല്ലാം നെഗറ്റീവാണ്.   ചെല്ലാനം, മുനമ്പം എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാനാണ് ആരോഗ്യ വകുപ്പിൻറെ തീരുമാനം. മുനമ്പത്ത് മറ്റു സംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികൾ എത്തുന്നത് രോഗ ബാധ കൂടാൻ ഇടയാക്കുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തൽ. 

ബ്രോഡ് വേ മാർക്കറ്റിൽ നിന്നും ശേഖരിച്ച 132 സാമ്പിളുകള്‍ നെഗറ്റീവായത് ആശ്വാസമായിട്ടുണ്ട്.  ജില്ലയിൽ  ഇന്നലെ രോഗം സ്ഥിരീകരിച്ച 21 പേരിൽ 9 പേർക്കും സമ്പര്‍ക്കം വഴിയാണിത് പകർന്നത്. രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. ആലുവ മാർക്കറ്റിലെ 35 വയസ്സുള്ള തൊഴിലാളിയും, ആലുവയിലെ 38 വയസ്സുള്ള പത്രപ്രവർത്തകനും രോഗം പിടിപെട്ടവരിലുണ്ട്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക വിപുലമാണ്. ജില്ലയിൽ രോഗ ഉറവിടം അവ്യക്തമായ 12 കേസുകളാണ് നിലവിൽ ഉള്ളത്. രോഗ ബാധിതരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിൽ വരുന്നവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നതിന് പ്രത്യേക പരിഗണന നൽകുന്നതിനാലാണ് പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തിൽ വർധനവ് തോന്നുന്നതെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. 

click me!