സ്വർണ്ണക്കടത്ത് കേസ്: സ്വപ്ന പത്ത് പാസായിട്ടില്ലെന്ന് മൂത്ത സഹോദരന്‍

By Web TeamFirst Published Jul 8, 2020, 10:16 AM IST
Highlights

അച്ഛൻ സുരേഷിന് ഗൾഫിലെ രാജകുടുംബാംഗങ്ങളുമായി ബന്ധം ഉണ്ടായിരുന്നു. ഇത്തരം ബന്ധങ്ങൾ സ്വർണ കടത്തിനും ഉപയോഗിച്ചിട്ടുണ്ടാകാം എന്നും സ്വപ്നയുടെ സഹോദരന്‍.

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് പത്താം ക്ലാസ് പാസായിട്ടില്ലെന്ന് സഹോദരന്‍ ബ്രൈറ്റ് സുരേഷ്. ഉന്നത സ്വാധീനം കൊണ്ടാകാം സ്വപ്നയ്ക്ക് കോണ്‍സുലേറ്റില്‍ ജോലി കിട്ടിയത്. ബന്ധങ്ങള്‍ സ്വര്‍ണക്കടത്തിനും ഉപയോഗിച്ചിട്ടുണ്ടാകാമെന്നും അമേരിക്കയിലുള്ള മൂത്ത സഹോദരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഉന്നത സ്വാധീനം കൊണ്ടാകാം സ്വപ്നയ്ക്ക് കോൺസുലേറ്റിൽ ജോലി കിട്ടിയതെന്ന് ബ്രൈറ്റ് സുരേഷ് പറയുന്നു. അച്ഛൻ സുരേഷിന് ഗൾഫിലെ രാജകുടുംബാംഗങ്ങളുമായി ബന്ധം ഉണ്ടായിരുന്നു. ഇത്തരം ബന്ധങ്ങൾ സ്വപ്ന സ്വർണ കടത്തിനും ഉപയോഗിച്ചിട്ടുണ്ടാകാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വപ്നയും കുടുംബാംഗങ്ങളുമായി അകന്നു കഴിയുകയാണ്. തന്നോടും കുടുംബത്തോടും ഭീഷണിയുടെ സ്വരത്തിൽ സ്വപ്ന സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Also Read: എല്ലാം ഒരുമിച്ച്; സരിത്തും സ്വപ്നയും തലസ്ഥാനത്ത് പിആ‌ർ സംഘമെന്ന പോലെ പ്രവർത്തിച്ചു

രാജ്യം തന്നെ ശ്രദ്ധിക്കുന്ന സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്ന ഇപ്പോഴും ഒളിവിൽ. പലസ്ഥലത്തും കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും സ്വപ്നയെ കുറിച്ചുള്ള സൂചകൾ കിട്ടിയില്ല. തലസ്ഥാനത്ത് തന്നെ സ്വപ്ന ഉണ്ടെന്നാണ് കസ്റ്റംസിനുള്ള വിവരം. അതിനിടെയാണ് സ്വപ്ന മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന സൂചനയും പുറത്തുവരുന്നത്. 

Also Read:  സ്വർണ കള്ളകടത്ത് കേസ്: ഒരു സ്ത്രീ കസ്റ്റംസ് കസ്റ്റഡിയില്‍

അതേസമയം, കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ തിരുവനന്തപുരത്ത് നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിന് പങ്കാളിത്തമുണ്ടെന്ന് ആരോപണമുയര്‍ന്ന കാർബൺ ഡോക്ടർ എന്ന വര്‍ക് ഷോപ്പ് ഉടമയുടെ ഭാര്യയാണ് കസ്റ്റഡിയിലായത്. അതേസമയം, വര്‍ക് ഷോപ്പ് ഉടമ സന്ദീപ് നായര്‍ ഒളിവിലാണ്.

click me!