
ആലപ്പുഴ: കടലിൽ വീണ കൂടുതൽ കണ്ടെയിനറുകൾ കരക്ക് അടിയാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയിൽ തീരദേശം. കടലിൽ വീണ 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ് ഉള്ളതിനാൽ വെള്ളവുമായി ചേർന്നാൽ സ്ഫോടനത്തിന് സാധ്യതയുണ്ടെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ വകുപ്പ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. കൊല്ലത്തും ആലപ്പുഴയിലും കണ്ടൈനറുകൾ കരക്കടിഞ്ഞിട്ടുണ്ട്. തറയിൽക്കടവ് ഭാഗത്ത് അടിഞ്ഞത് കണ്ടെയ്നറുകൾ തകർന്ന് നിലയിലാണ്. വെള്ളത്തിന്റെ നിറം കറുപ്പ് നിറത്തിലാണ് കാണുന്നത്.
വിദഗ്ധ പരിശോധനക്കായി എൻഡിആർഎഫ് വിദഗ്ധ സംഘം കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കൂടംകുളത്ത് നിന്നുള്ള വിദഗ്ധ സംഘവും കൊല്ലത്തേക്ക് പുറപ്പെട്ടു. കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ വൈദഗ്ധ്യം ഉള്ളവരാണ് സംഘത്തിലുള്ളത്. അതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥർ ശക്തികുളങ്ങരയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾ കസ്റ്റംസ് കണ്ടുകെട്ടുമെന്ന് കസ്റ്റംസ് സൂപ്രണ്ട് വിശാഖ് വ്യക്തമാക്കി. കസ്റ്റംസ് ഉദ്യോഗസ്ഥർ യോഗം ചേരുന്നുണ്ട്. ഓൺലൈൻ ആയിട്ടാണ് യോഗം. എങ്ങനെ കണ്ടെയിനറുകൾ നീക്കം ചെയ്യണമെന്നതിൽ യോഗത്തിനുശേഷം തീരുമാനിക്കുമെന്ന് വിശാഖ് പറഞ്ഞു.
കൊല്ലം തീരത്തേക്ക് ഇനിയും കണ്ടെയ്നറുകൾ വരുന്നുണ്ട്. സുരക്ഷയ്ക്ക് വേണ്ടി ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കൊല്ലം കമ്മീഷണർ കിരൺ നാരായണൻ ആവശ്യപ്പെട്ടു. വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് പ്രോട്ടോകോൾ പ്രകാരം കണ്ടെയ്നറുകൾ മാറ്റും. പൊതുജനങ്ങൾ കണ്ടെയ്നറിന്‍റെ അടുത്തേക്ക് വരരുതെന്നും കമ്മീഷണർ ആവശ്യപ്പെട്ടു. വർക്കലതീരംവരെ കണ്ടെയ്നറുകൾ എത്താൻ സാധ്യതയുണ്ടെന്ന് കേരള സർവ്വകലാശാല അക്വഡിക് വിഭാഗം മേധാവി ഡോ. റാഫി പറയുന്നത്. രാസവസ്തുകൾ കടലിൽ കലർന്നാൽ മീനുകളുടെ പ്രചരണകാലത്തെ ബാധിക്കുമെന്നും ഇത് സംബന്ധിച്ച് കടൽജലം ശേഖരിച്ച് പഠനം തുടങ്ങിയതായും ഡോ. റാഫി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam