
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതോടെ വിഴിഞ്ഞം തീരം തേടി ചരക്ക് കപ്പലുകൾ. വിഴിഞ്ഞത്ത് ബർത്ത് ചെയ്യാൻ അനുമതി തേടി മുൻനിര അന്താരാഷ്ട്ര കമ്പനികൾ സമീപിച്ചു. തുറമുഖത്തിന്റെ നിലവിലെ ശേഷിയേക്കാൾ അധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുള്ളതിനാൽ അപേക്ഷകൾ നിരസിക്കുകയാണ്. ജർമൻ ഷിപ്പിംഗ് കമ്പനിയായ ഹാപാങ് ലോയ്ഡ്, തായ്വാൻ കമ്പനി എവർഗ്രീൻ, ഡാനിഷ് കമ്പനി മെഴ്സ്ക്, ദക്ഷിണ കൊറിയയുടെ ഹുണ്ടൈ വിഴിഞ്ഞത്ത് കപ്പലടുപ്പിക്കാൻ അനുമതി തേടുകയാണ് അന്താരാഷ്ട്ര ഷിപ്പിംഗ് ഭീമന്മാർ.
പശ്ചിമേഷ്യൽ സംഘർഷത്തോടെ ഗൾഫ് മേഖലയിലേക്കുള്ള കപ്പൽ ഗതാഗതം മന്ദഗതിയിലായി. ഇതോടെയാണ് വിഴിഞ്ഞത്ത് ബർത്തിംഗിനും ചരക്കിറക്കുന്നതിനും കപ്പൽ കമ്പനികൾ അനുമതി തേടിയത്. വിഴിഞ്ഞത്ത് ഇപ്പോൾ പ്രതിമാസം എത്തുന്നത് 60ലേറെ കപ്പലുകളാണ്. 60,000ൽ അധികം കണ്ടെയ്നറുകളാണ് ഓരോ മാസവും കൈകാര്യം ചെയ്യുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ വാർഷിക കണ്ടെയ്നർ ശേഷം 10 ലക്ഷമാണ്. കഴിഞ്ഞ സാമ്പത്തിക വർഷമാകട്ടെ 13 ലക്ഷം കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് കൈകാര്യം ചെയ്തത്. ലോകത്തെ ഒന്നാം നമ്പർ കപ്പൽ കമ്പനിയായ എംഎസ്സിയാണ് വിഴിഞ്ഞത്തെ പ്രധാന ക്ലൈന്റ്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ കപ്പലുകളെ
അടുപ്പിക്കാൻ നിർവാഹം ഇല്ലാത്തതിനാൽ അനുമതി തേടിയ ഷിപ്പിംഗ് കമ്പനികളെ വിഴിഞ്ഞം മടക്കി. രണ്ടാം ഘട്ട നിർമാണം വേഗത്തിൽ പൂർത്തിയാക്കി കമ്മീഷനിംഗ് നടത്തി കൂടുതൽ കപ്പലുകൾക്ക് ബർത്ത് ചെയ്യാനും, യാർഡ് സ്പേസ് ഒരുക്കാനുമാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. പ്രതീക്ഷിക്കുന്നതിനേക്കാൾ വേഗത്തിൽ വിഴിഞ്ഞം പുതിയ സാധ്യതകൾ തുറക്കുമ്പോഴും, പശ്ചാത്തല സൗകര്യം വികസനം ഇപ്പോഴും മന്ദഗതിയിലാണ്. റെയിൽ, റോഡ് കണക്ടിവിറ്റി ഇനിയും വൈകിയാൽ, വിഴിഞ്ഞം നമ്മൾ ആഗ്രഹിച്ച നേട്ടം നമ്മുടെ നാടിന് ഉണ്ടാകില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam