
കോഴിക്കോട്: വടകര ആയഞ്ചേരിയിൽ നിന്നും കാണാതായ വിഷ്ണു, ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് നാടുവിട്ടതെന്ന് പൊലീസ്. ലോണ്‍ ആപ്പിൽ നിന്നും വായ്പ എടുത്ത തുക പൂർണമായും തിരിച്ചടിച്ചിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനാൽ നാടു വിടാൻ നിർബന്ധിതനായെന്ന് വിഷ്ണു പൊലീസിന് മൊഴി നൽകി. എട്ട് ദിവസം മുൻപ് കാണാതായ വിഷ്ണുവിനെ ഇന്ന് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് കണ്ടെത്തിയത്.
വിഷ്ണുവിനായി കർണാടകയിലടക്കം അന്വേഷണസംഘം തെരച്ചിൽ നടത്തുന്നതിനിടയിലാണ് കുടുംബവുമായി വിഷ്ണു ഫോണിൽ ബന്ധപ്പെട്ടത്. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ സഹയാത്രക്കാരന്റെ ഫോണ്‍ ഉപയോഗിച്ച് സഹോദരനെ വിളിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും നാട്ടിലേക്ക് തിരികെ വരില്ലെന്നും വിഷ്ണു പറഞ്ഞെങ്കിലും കുടുംബത്തിന്റെ നിർദേശപ്രകാരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. പിന്നാലെ കുടുംബം പയ്യന്നൂരിലെത്തി വിഷ്ണുവിനെ വടകരയിലേക്ക് കൊണ്ടുവന്നു. എം പോക്കറ്റ് എന്ന ഓൺലൈൻ ലോൺ ആപ്പിന്റെ ഭീഷണിയെ തുടർന്നാണ് നാടുവിട്ടതെന്ന് വിഷ്ണു പൊലീസിന് മൊഴി നൽകി.
10000 രൂപ ലോണെടുത്ത വിഷ്ണു 12000 തിരിച്ചടച്ചിരുന്നു. എന്നാൽ വീണ്ടും 22000 ലോണ്‍ ആപ്പുകാർ ആവശ്യപ്പെട്ടു, ഈ തുക നൽകിയിട്ടും ഭീഷണി തുടർന്നതോടെ നാടുവിടാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് മൊഴി. എട്ട് ദിവസത്തിനിടെ മഡ്ഗാവിലും, രത്നഗിരിയിലും ഉഡുപ്പിയിലുമാണ് വിഷ്ണു താമസിച്ചത്. ഉടുപ്പിയിൽ വച്ച് നഷ്ടപ്പെട്ട വിഷ്ണുവിന്റെ മൊബൈൽ ഫോണ്‍ കണ്ടെത്തിയ ശേഷം ലോണ്‍ ആപ്പുകാരുടെ ഭീഷണി സന്ദേശങ്ങളടക്കം പരിശോധിച്ച് നടപടിയെടുക്കാനാണ് പൊലീസിന്റെ നീക്കം. വിഷ്ണുവിന് ബ്ലേഡ് മാഫിയയുടെ ഭീഷണി ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam