
കോട്ടയം: കേരള ലളിത കലാ അക്കാദമിയുടെ കാർട്ടൂൺ അവാര്‍ഡ് വിവാദത്തിൽ മന്ത്രി എ കെ ബാലനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം ഇടതുപക്ഷ സമീപനമല്ലെന്ന് കാനം രാജേന്ദ്രൻ കൊല്ലത്ത് പറഞ്ഞു.
മീശ നോവൽ പ്രസിദ്ധീകരിക്കുമ്പോൾ മാത്രമല്ല ആവിഷ്ക്കാര സ്വാതന്ത്ര്യം വേണ്ടത്. അംശവടി മതചിഹ്നമല്ല, അധികാര ചിഹ്നമാണെന്നും അധികാര ചിഹ്നത്തെ വിമർശിക്കാൻ പാടില്ലെന്ന മന്ത്രിയുടെ സമീപനം ശരിയല്ലെന്നും കാനം പ്രതികരിച്ചു. വിവാദത്തിന് പിന്നിൽ താൽപര്യങ്ങളുണ്ടെന്നും സന്ധി ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ച കെ കെ സുഭാഷിന്‍റെ കാർട്ടൂണിന് ലളിതകല അക്കാദമിയുടെ പുരസ്കാരം ലഭിച്ചതിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. കേരള ശബ്ദത്തിന്‍റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിൽ പ്രസിദ്ധീകരിച്ച കാര്‍ട്ടൂൺ മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം. മതവികാരം വ്രണപ്പെടുന്ന തരത്തിലാണ് കാർട്ടൂണിലെ ചിത്രീകരണം എന്നാരോപിച്ച് വിവിധ സംഘടനകൾ രംഗത്ത് വന്നതോടെ അവാർഡ് പുനഃപരിശോധിക്കാൻ എ കെ ബാലൻ നിർദ്ദേശിച്ചു. ജൂറി തീരുമാനം അന്തിമമെന്ന് അക്കാദമി പ്രതികരിച്ചിട്ടും മന്ത്രി നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam