
കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാന്‍ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. കേസ് അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈമാറി കൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. നാർക്കോട്ടിക് ഡിവൈഎസ്പി വി എ കൃഷ്ണദാസിനാണ് അന്വേഷണ ചുമതല.
ഇതിനിടെ സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ ഉദ്യോഗസ്ഥരെ പഴിചാരി സിപിഎം നേതാവ് പി ജയരാജന്‍ രംഗത്തെത്തി. സാജന്‍റെ ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് ആന്തൂര്‍ നഗരസഭാ സെക്രട്ടറി സ്വീകരിച്ചതെന്നും ഇവരെ തിരുത്താനോ വേണ്ട രീതിയിലുള്ള ഇടപെടല്‍ നടത്താനോ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയ്ക്ക് സാധിച്ചില്ലെന്നും പി ജയരാജന്‍ പറഞ്ഞു. ആന്തൂര്‍ സംഭവത്തെപ്പറ്റി വിശദീകരിക്കാനായി പാര്‍ട്ടി കണ്ണൂരില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍.
വിഷയത്തില്‍ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയ്ക്ക് ജാഗ്രതക്കുറവുണ്ടായെങ്കിലും രാജി വെക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. ഇന്ന് ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന് മുന്നിൽ വിശദീകരണം നൽകിയ ശ്യാമള രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ രാജി സന്നദ്ധത അറിയിച്ചത് ശ്യാമള നിഷേധിച്ചു. അതേസമയം ഉദ്യോഗസ്ഥർക്ക് മേൽ പഴി ചാരുകയാണ് സംസ്ഥാന നേതൃത്വം ചെയ്തത്. വിഷയം ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ ഒരുങ്ങുകയാണ് സാജന്‍റെ കുടുംബവും പ്രതിപക്ഷവും.
Also Read: ആന്തൂർ നഗരസഭാധ്യക്ഷ പി കെ ശ്യാമള രാജി വയ്ക്കില്ല, രാജി വാർത്ത തള്ളി, പാർട്ടി പറയട്ടെയെന്ന് ശ്യാമള
15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌തത്. നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജൻ ഓഡിറ്റോറിയം നിർമ്മാണം തുടങ്ങിയത്.
തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ വ്യാഴാഴ്ച സസ്പെന്‍റ് ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam