
ആലപ്പുഴ: മൈസൂര്‍ പാക്കിന്‍റെ പേര് മൈസൂര്‍ ശ്രീ എന്ന് പേരുമാറ്റുന്നതിന് പിന്നിൽ ഒരു വിഭാഗം ആര്‍എസ്എസുകാരാണെന്നും ഇത് ഒരു തരം ഭ്രാന്താണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. റാപ്പര്‍ വേടനെതിരായ ജാതീയ ആക്രമണം ചാതുർവർണ്യ വ്യവസ്ഥിതിയുടെ ഭാഗമാണ്. ബിജെപിയും ആര്‍എസ്എസും ക്ഷേത്ര സംരക്ഷണ സമിതിയും എല്ലാം ഇതിന് പിന്നിലുണ്ട്. വേടനെതിരെ ബിജെപി നേതാവിന്‍റെ ഭാര്യ കേസ് കൊടുത്തിരിക്കുന്നു.
നരേന്ദ്ര മോദിയെ വിമർശിച്ചുവെന്നാണ് പരാതി. മോദി വിമർശനത്തിനതീതനാണെന്ന് ആരാണ് പറഞ്ഞത്? ഇനിയും വിമർശിക്കും. വേടന്‍റേത് കലാഭാസം എന്നാണ് ആര്‍എസ്എസ് പറയുന്നത്. ജാതിയാണ് ഇതിന്‍റെ പിന്നിൽ. സാമൂഹ്യ ജീവിതത്തിലെ രാഷ്ട്രീയ പ്രശ്നങ്ങളാണ് വേടൻ പാട്ടിൽ ഉയർത്തിയത്. വേടനെ ഒരു ഗുരുഭൂതനെപ്പോലെ ചെറുപ്പക്കാരും കുട്ടികളും കരുതുന്നു. തെറ്റ് പറ്റിയപ്പോൾ വേടൻ ഏറ്റുപറഞ്ഞു. ഇതെല്ലാവരും ഉള്‍ക്കൊണ്ടെങ്കിലും ബിജെപിക്കും ആര്‍എസ്എസിനും ഉള്‍ക്കൊള്ളാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള ഭരണഘടന പൂർണതയുള്ളതാണെന്ന് അഭിപ്രായമില്ല. സമ്പന്നർ കുടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരും ആകുന്നു. കാസ തികച്ചും വർഗീയ സംഘടനയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മുസ്ലിം വിരുദ്ധതയാണ് മുഖമുദ്ര. തികച്ചും അപകടകരമാണ് അവരുടെ നീക്കങ്ങൾ. ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും മുസ്ലിമിനെയും വർഗീയവത്ക്കരിക്കാൻ ശ്രമിക്കുന്നു. വിശ്വാസികൾ വർഗീയവാദികളല്ല. വർഗീയ വാദികൾ വിശ്വാസികളുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
980 കോടി ഇലക്ട്രൽ ബോണ്ട് കൊടുത്തവർക്കാണ് ദേശീയ പാത കരാർ കിട്ടിയത്. അവർ പണിതിടത്താണ് പൊളിഞ്ഞത്. പൊളിഞ്ഞതും പൊളിയാത്തതുമായ ദേശീയ പാത അടുത്ത തെരഞ്ഞെടുപ്പിന് മുൻപ് പൂർത്തിയാക്കും.
അത് പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ വേണ്ടത് ചെയ്യണം. എൽഡിഎഫ് വന്നില്ലായിരുന്നെങ്കിൽ ദേശീയ പാത ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് ക്രെഡിറ്റ് എല്‍ഡിഎഫിന് തന്നെയാണ്. കുറ്റം തങ്ങളുടേതാണെന്ന് ദേശീയ പാത അതോറിറ്റി പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam