മാധ്യമപ്രവ‍ർത്തകരെ ആക്രമിച്ച സംഭവത്തിൽ കോഴിക്കോട്ട് കോൺ​ഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു

By Web TeamFirst Published Nov 13, 2021, 8:14 PM IST
Highlights

ഇന്ന് രാവിലെയാണ് കോഴിക്കോട്ടെ എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റമുണ്ടായത്.

കോഴിക്കോട്: എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കോൺ​ഗ്രസ് നേതാക്കൾക്കും  പ്രവ‍ർത്തക‍‌ർക്കുമെതിരെ കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണ് കേസ് എടുത്തത്. മുൻ ഡിസിസി അധ്യക്ഷൻ യു.രാജീവൻ അടക്കം ഇരുപത് പേരെ പ്രതിയാക്കിയാണ് കേസെടുത്തത്. ഐപിസി 143,147,342,323,427 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മാതൃഭൂമി ഫോട്ടോഗ്രാഫർ സാജന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്തിരിക്കുന്നത്. 

ഇന്ന് രാവിലെയാണ് കോഴിക്കോട്ടെ എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റമുണ്ടായത്. മുൻ ഡിസിസി പ്രസിഡന്റ് യു രാജീവൻ മാസ്റ്ററുടെ നേതൃത്ത്വത്തിൽ ടി.സിദ്ദീഖ് അനുയായികളാണ് യോഗം ചേർന്നത്. യോഗം ചേരുന്ന വിവരമറിഞ്ഞ് ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയാണ് കൈയ്യേറ്റമുണ്ടായത്. 

കോഴിക്കോട് കല്ലായി റോഡിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. യാതൊരു പ്രകോപനമില്ലാതെയാണ് കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയതെന്ന് മർദ്ദത്തിനിരയായ മാധ്യമപ്രവർത്തകർ പറയുന്നു. മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർക്കാണ് ആദ്യം മർദനമേറ്റത്. ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സി ആർ. രാജേഷ്, കൈരളി ടി വിയിലെ മേഘ എന്നിവരെയും കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു വച്ചു. മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ച സംഘം വനിത മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

സംഭവത്തിൽ യോഗത്തിന് നേതൃത്വം നല്‍കിയ യു.രാജീവനില്‍ നിന്ന് വിശദീകരണം തേടുമെന്ന് ഡിസിസി പ്രസിഡണ്ട് കെ.പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു. ഡിസിസി പ്രസിഡണ്ട് തെരഞ്ഞെടുപ്പിലും കെപിസിസി പുനസംഘടനയിലും തഴയപ്പെട്ടതിലുളള കടുത്ത അസംതൃപ്തിയുടെ സാഹചര്യത്തിലാണ് കോഴിക്കോട് കല്ലായി റോഡിലെ സ്വകാര്യ ഹോട്ടലില്‍ മുന്‍ ഡിസിസി പ്രസിഡണ്ട് യു രാജീവിന്‍റെ നേതൃത്വത്തില്‍ വിമതർ യോഗം ചേര്‍ന്നതെന്നാണ് സൂചന.  നെഹ്റു അനുസ്മരണ സമിതി യോഗം എന്ന പേരിലാണ് പ്രവര്‍ത്തകര്‍ എത്തിയത്. 

എന്നാല്‍ ചേരുന്നത് വിമത യോഗമെന്ന് അറിഞ്ഞ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ യോഗ ഹാളിന് പുറത്ത് എത്തിയത് അറിഞ്ഞതോടെ പ്രകോപിതരായി ഇറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയും മര്‍ദ്ദനത്തില്‍ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാർക്ക് പരിക്കേൽക്കുകയുമായിരുന്നു.

സംഭവമറിഞ്ഞ് ഡിസിസി പ്രസിഡണ്ട് കെ പ്രവീണ്‍ കുമാര്‍ സ്ഥലത്തെത്തി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അതിക്രമത്തെ അപലപിച്ച പ്രവീണ്‍ യോഗത്തിന് നേതൃത്വം നല്‍കിയവരില്‍ നിന്ന് വിശദീകരണം തേടുമെന്നും വ്യക്തമാക്കി. ഏറെക്കാലമായി എ ഗ്രൂപ്പിന്‍റെ കൈവശമുണ്ടായിരുന്ന കോഴിക്കോട് ഡിസിസി പ്രസിഡണ്ട് സ്ഥാനം ഇക്കുറി കൈവിട്ടതുമതല്‍ ജില്ലയിലെ എ ഗ്രൂപ് പ്രവര്‍ത്തകര്‍ കടുത്ത അമര്‍ഷത്തിലാണ്.

click me!