
തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സിപിഎമ്മുകാർ മർദിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെ മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. കോൺഗ്രസ് പ്രവർത്തകനായ ഇഖ്‌ബാലിനെയും പ്രതി ചേർത്തു. ഇരു വിഭാഗവും പരസ്പരം ഏറ്റുമുട്ടി എന്നാണ് എഫ്ഐആറിൽ പറയുന്നത്.
ചെറുതുരുത്തിയിൽ പ്രതിഷേധം നടത്തിയതിനും സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. പ്രതിഷേധം നടത്തിയതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസുണ്ട്. ചെറുതുരുത്തി സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.
ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ചെറുതുരുത്തിയിലെ വികസന മുരടിപ്പിനെതിരെ തലകുത്തി നിന്ന് പ്രതിഷേധിക്കാക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഷാദ് തലശ്ശേരിയും ബന്ധുവും എത്തി. പ്രതിഷേധ ബോർഡുകൾ സ്ഥാപിക്കുന്നതിനിടെ സിപിഎം പ്രവർത്തകരെത്തി പൊതിരെ തല്ലിയെന്നാണ് നിഷാദിന്‍റെ പരാതി. പൊലീസ് സ്ഥലത്തുണ്ടായിട്ടും സംഘർഷം തടഞ്ഞില്ലെന്ന് ആരോപണമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു.
പിന്നാലെയാണ് തങ്ങളെയാണ് മർദ്ദിച്ചതെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. ഇരുവിഭാഗവും തമ്മിൽ പോർവിളി നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam