Congress| കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമത യോഗം; മർദ്ദനമേറ്റ മാധ്യമപ്രവർത്തകർക്കെതിരെ കേസും

By Web TeamFirst Published Nov 19, 2021, 10:12 PM IST
Highlights

മാധ്യമപ്രവർത്തകരുടെ പരാതിയിൽ പൊലീസ് കേസെടുത്ത കോൺഗ്രസ് നേതാവിന്റെ മകൾ കോടതിയെ സമീപിച്ചെന്നും കോടതി നിർദേശ പ്രകാരമാണ് നടപടിയെന്നും പൊലീസ് പറയുന്നു.

കോഴിക്കോട്: കോഴിക്കോട് വിമത യോഗം റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചതിന് കോൺഗ്രസ് (Congress) പ്രവര്‍ത്തകര്‍ മർദ്ദിച്ച മാധ്യമപ്രവർത്തകർക്കെതിരെ കസബ പൊലീസ് കേസെടുത്തു. മാധ്യമപ്രവർത്തകരുടെ പരാതിയിൽ പൊലീസ് കേസെടുത്ത കോൺഗ്രസ് നേതാവിന്റെ മകൾ കോടതിയെ സമീപിച്ചെന്നും കോടതി നിർദേശ പ്രകാരമാണ് നടപടിയെന്നും പൊലീസ് പറയുന്നു. ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ ഇയാൾക്കെതിരെ കെപിസിസി നടപടിയെടുത്തിരുന്നു. രാമനാട്ടുകര നഗരസഭാ വൈസ് ചെയർമാനും ഡിസിസി ജന സെക്രട്ടറിയുമായ സുരേഷ് കീച്ചമ്പ്രയുടെ മകളാണ് കോടതിയെ സമീപിച്ചത്.

ശനിയാഴ്ചയാണ് എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗം ചേർന്നത്. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രധാന പ്രതിയും ചേവായൂർ ബാങ്ക് പ്രസിഡണ്ടുമായ പ്രശാന്ത് കുമാറിനെയും കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്  രാജീവൻ തിരുവച്ചിറയെയും സസ്പെന്‍റ് ചെയ്തിരുന്നു. ഇരുവരും  ആക്രമണത്തിന് നേതൃത്വം നൽകിയെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നാണ് ഡിഡിസി അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തൽ. വനിതാ മാധ്യമ പ്രവർത്തകർക്കുൾപ്പെടെ അസഭ്യ വർഷവും കയ്യേറ്റവും ഏറ്റുവാങ്ങേണ്ട സാഹചര്യമുണ്ടായിട്ടും ജാഗ്രതപുലർത്താതിരുന്ന ഡിസിസി മുൻ അധ്യക്ഷൻ യു രാജീവൻ  പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. യു രാജീവന്‍റെ നേതൃത്വത്തിലായിരുന്നു ഗ്രൂപ്പ് യോഗം ചേർന്നത്.   

ആക്രമണം നടത്തിയ പ്രവർത്തകർക്കൊപ്പമുണ്ടായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി സുരേഷിനെ പരസ്യമായി താക്കീത് ചെയ്യും. ബുധനാഴ്ച രാത്രി ഡിസിസിക്ക് കിട്ടിയ അന്വേഷണ റിപ്പോർട്ടും ശുപാർശയും കെപിസിസിക്ക് കൈമാറിയിരുന്നു. കെപിസിസി പ്രസിഡന്‍റിന്‍റെ നി‍‍ർദ്ദശപ്രകാരമാണ് നടപടി.  മാധ്യമ  പ്രവർത്തകർക്ക് നേരെ നടത്തിയ കയ്യേറ്റം  കോൺഗ്രസ് സംസ്കാരത്തിന് ചേർന്നതല്ലെന്നാണ് അന്വേഷണ കമ്മീഷന്റെ വിലയിരുത്തൽ. അക്രമത്തിരായ മാധ്യമപ്രവർത്തകർ, പ്രസ് ക്ലബ് ഭാരവാഹികൾ എന്നിവരിൽ നിന്ന് കമ്മീഷൻ വിശദമായി മൊഴിയെടുത്തിരുന്നു. ആക്രമണത്തിന്‍റെെ വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചു.  ജില്ലയിലെ മുതിര്‍ന്ന കോൺഗ്രസ് നേതാക്കളായ സിവി കുഞ്ഞികൃഷ്ണന്‍റെയും ജോണ്‍ പൂതക്കുഴിയുടെയും നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് ഡിസിസി പ്രസിഡണ്ടിന് റിപ്പോർട്ട് നൽകിയത്.

Read Also: മാധ്യമപ്രവ‍ർത്തകരെ ആക്രമിച്ച സംഭവത്തിൽ കോഴിക്കോട്ട് കോൺ​ഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു

ഡിസിസി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും കെപിസിസി പുനസംഘടനയിലും തഴയപ്പെട്ടതിലുളള കടുത്ത അസംതൃപ്തിയുടെ സാഹചര്യത്തിലാണ് കോഴിക്കോട് കല്ലായ് റോഡിലെ സ്വകാര്യ ഹോട്ടലില്‍ മുന്‍ ഡിസിസി പ്രസിഡണ്ട് യു രാജീവിന്‍റെ നേതൃത്വത്തില്‍ വിമത യോഗം ചേര്‍ന്നത്. നെഹ്റു അനുസ്മരണ സമിതി യോഗം എന്ന പേരിലാണ് പ്രവര്‍ത്തകര്‍ എത്തിയത്.  

എന്നാല്‍ ചേരുന്നത് വിമത യോഗമെന്ന് അറിഞ്ഞ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ യോഗഹാളിന് പുറത്ത് എത്തിയത് അറിഞ്ഞതോടെ പ്രകോപിതരായി ഇറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. മര്‍ദ്ദനത്തില്‍ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാര്‍ക്ക് പരിക്കേറ്റിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ച സംഘം മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

click me!