
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ മ൪ദനമേറ്റ ആദിവാസി യുവാവിനെതിരെ കേസെടുത്തു. പ്രതികൾ സഞ്ചരിച്ച വാഹന ഉടമയുടെ പരാതിയിലാണ് മ൪ദനത്തിൽ പരിക്കേറ്റ ചിറ്റൂ൪ ഉന്നതിയിലെ സിജു വേണുവിനെതിരെയാണ് അഗളി പൊലീസ് കേസെടുത്തത്. അതേസമയം അന്വേഷണത്തിലെ വീഴ്ച മറച്ചു വെക്കാൻ ആശുപത്രിയിൽ നിന്നും വിവരം ലഭിക്കാൻ വൈകിയെന്ന പൊലീസ് വാദം തള്ളി അഗളി സിഎച്ച്സി സൂപ്രണ്ട്.
ഏതോ ലഹരിക്കടിമപ്പെട്ട് സ്വയം നിയന്ത്രിക്കാനാവാതെ കലഹസ്വഭാവിയായി വാഹനത്തിലേക്ക് എറിഞ്ഞു, അസഭ്യം പറഞ്ഞു, ഒന്നര ലക്ഷം രൂപയുടെ നഷ്ടം വരുത്തി. സിജുവിനെതിരെ അഗളി പൊലീസിട്ട എഫ്ഐആറിൽ പറയുന്നത് ഇങ്ങനെയാണ്. സംഭവം നടന്ന അന്നു തന്നെ പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ ഉടമ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതികൾ പിടിയിലായതിന് തൊട്ടു പിന്നാലെ വാഹന ഉടമയുടെ മൊഴി രേഖപ്പെടുത്തി ഇന്നലെ വൈകിട്ടോടെയാണ് യുവാവിനെതിരെയും പൊലീസ് എഫ്ഐആറിട്ടത്.
യുവാവിന്റെ ബന്ധുക്കൾ പരാതി നൽകിയിട്ടും അഗളി സിഎച്ച്സിയിൽ നിന്ന് വിവരം ലഭിച്ചിട്ടും സംഭവത്തിൽ ആദ്യം അലംഭാവം കാണിച്ച പൊലീസ് മൂന്ന് ദിവസം കഴിഞ്ഞാണ് പേരറിയാത്ത വാഹനത്തിന്റെ ഡ്രൈവ൪ക്കെതിരെയും ക്ലീന൪ക്കെതിരെയും കേസെടുത്തത്. നാലാം ദിനമാണ് പ്രതികളെ പിടികൂടുന്നത്. സിജു ആദ്യം ചികിത്സ തേടിയ അഗളി സിഎച്ച്സിയെ പഴിചാരിയാണ് അന്വേഷണത്തിലെ വീഴ്ച മറച്ചുവെയ്ക്കാൻ പൊലീസിന്റെ ശ്രമം. എന്നാൽ ഞായറാഴ്ച തന്നെ അഗളി സ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പ്രതികളായ ഷോളയൂ൪ സ്വദേശി റെജിൻ മാത്യുവും ആലപ്പുഴ സ്വദേശി വിഷ്ണുദാസും ചേർന്ന് ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജുവേണുവിനെ കെട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ സിജു കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam