കാസർകോട്ടെ പ്രശസ്ത ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന കെ. രേഷ്മയെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യുമെന്നും മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.

കാസർകോട് : കാസർകോട്ട് മരിച്ച നിലയിൽ കണ്ടെത്തിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ഇന്നലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇന്ന് ബന്ധുക്കളുടെ മൊഴിയെടുക്കും. ഇതിന് ശേഷം കൂടുതൽ അന്വേഷണം വേണമെങ്കിൽ തുടർ നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം. രേഷ്മയെ ഇന്നലെ ഉച്ചക്കാണ് ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിക്ക് ആത്മഹത്യ ചെയ്യത്തക്ക പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറെ സജീവമായിരുന്നു ഈ 24 വയസുകാരിക്ക് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

ആദൂർ ആലംതടുക്ക സ്വദേശിയാണ് ഗംഗാധരൻ- ശൈലജ ദമ്പതികളുടെ മകൾ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മ. ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം. മുറിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഒരു മാസം മുമ്പ് വിവാഹ മോചിതയായിരുന്നു. നാല് വയസുള്ള ആൺ കുട്ടിയുണ്ട്. തനത് കാസർകോട് ഭാഷയിൽ സോഷ്യൽ മീഡിയയിൽ കണ്ടൻ്റ് ക്രിയേറ്റ് ചെയ്യുന്ന ചിന്നു പ്പാപ്പുവിൻ്റെ നിരവധി വീഡിയോകൾ വൈറലായി മാറിയിരുന്നു. പ്രദേശിക വിഭവങ്ങളെയും, നാടൻ ഭക്ഷണത്തെയുമെല്ലാം തനിമ ചോരാതെ, പരിചയപ്പെടുത്തുന്ന ചിന്നു പാപ്പുവിൻ്റെ വീഡിയോകൾക്ക് ലക്ഷങ്ങളാണ് കാഴ്ച്ചക്കാരായുള്ളത്. മരണത്തിന് പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് കാസർകോട് പൊലീസ്.