ആലുവയിലെ മൂന്ന് വയസ്സുകാരന്‍റെ മരണം; അസ്വഭാവിക മരണത്തിന് കേസ്

By Web TeamFirst Published Aug 3, 2020, 5:08 PM IST
Highlights

കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാക്ഷികളുടെയും മൊഴിയെടുക്കും. 

ആലുവ: എറണാകുളം ആലുവയിലെ മൂന്ന് വയസ്സുകാരന്‍റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ് പി കെ കാർത്തിക് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാക്ഷികളുടെയും മൊഴിയെടുക്കും. കുട്ടിയുടെ മരണം നാണയങ്ങള്‍ വിഴുങ്ങിയത് മൂലമല്ലെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ വയറ്റിൽ രണ്ട് നാണയങ്ങൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാല്‍ മരണകാരണം അതല്ലെന്നാണ് നിഗമനം. ഇക്കാര്യം തിരിച്ചറിയാൻ കുട്ടിയുടെ ആന്തരിക ആവയവങ്ങൾ വിദഗ്‍ധ പരിശോധനക്ക് അയച്ചു. 

കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വൻകുടലിന്‍റെ ഏറ്റവും അറ്റത്തായാണ് നാണയങ്ങൾ കണ്ടെത്തിയത്. അൻപത് പൈസയുടെയും ഒരു രൂപയുടെയും രണ്ട് നാണയങ്ങളാണ് കുട്ടിയുടെ വയറ്റിൽ നിന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. നാണയങ്ങൾ വിഴുങ്ങിയതാകില്ല കുട്ടിയുടെ മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലായി പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിനെ അറിയിച്ചത്. കാരണം കുട്ടിയുടെ വൻകുടലിലോ ചെറുകുടലിലോ മുറിവുകൾ കണ്ടെത്തിയിട്ടില്ല. മരണകാരണം വ്യക്തമാകാൻ  ആന്തരിക അവയവങ്ങളുടെ രാസപരിശോധനഫലം വരണം. അതിന് ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

click me!