രാഹുലിന്റെ ഇടപെടൽ; നിലമ്പൂർ-വയനാട്-നഞ്ചൻകോട് റെയിൽപാതയുടെ ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര നിർദ്ദേശം

By Web TeamFirst Published Aug 3, 2020, 5:03 PM IST
Highlights

റെയിൽവേയും സംസ്ഥാന സർക്കാരും സംയുക്തമായി രൂപീകരിച്ച കേരളാ റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്‍റ് കോർപ്പറേഷനെയാണ്  നഞ്ചൻകോട് വയനാട് പാതയുടെ  വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്

ദില്ലി: നിലമ്പൂർ-വയനാട്-നഞ്ചൻകോട് റെയിൽപാതയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടു. ഇതോടെ വയനാടിന്‍റെ ട്രെയിൻ സ്വപ്നങ്ങൾ വീണ്ടും പ്രതീക്ഷയുടെ ട്രാക്കിലാണ്. രാഹുൽ ഗാന്ധി എംപിയുടെ ഇടപെടലിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര റെയിൽ മന്ത്രാലയം പദ്ധതി രേഖ തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

റെയിൽവേയും സംസ്ഥാന സർക്കാരും സംയുക്തമായി രൂപീകരിച്ച കേരളാ റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്‍റ് കോർപ്പറേഷനെയാണ്  നഞ്ചൻകോട് വയനാട് പാതയുടെ  വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. നിലമ്പൂരിൽ നിന്ന് വയനാട് വഴി മൈസൂരിനടുത്ത നഞ്ചൻകോട്ടേക്ക് 156 കിലോമീറ്റർ ദൈർഘ്യം വരുന്നതാണ് റെയിവേപാത. നേരത്തെ നടത്തിയ സർവ്വെകളിൽ  പാത ലാഭകരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്രം അനുമതി നൽകിയിരുന്നു.

സർക്കാർ റെയിൽവേയുമായി ചേർന്ന് കെആർഡിസിഎൽ എന്ന കമ്പനി രൂപീകരിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല. പാത യാഥാർത്ഥ്യമായാൽ കൊച്ചിയിൽ നിന്ന് മൈസൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ദൂരം കുറയും. 3500 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ലോക്സഭയിൽ നിലമ്പൂർ-വയനാട്-നഞ്ചൻകോട് പാതയുടെ നിർമ്മാണം തുടങ്ങണമെന്ന് രാഹുൽ ഗാന്ധി എം.പി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് റെയിൽവെ സഹമന്ത്രി സുരേഷ് അംഗഡി പദ്ധതി രേഖ തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ട വിവരം അറിയിച്ചത്. പാതയുടെ പുതുക്കിയ അലൈൻമെന്‍റ്  അംഗീകാരത്തിന് കർണാടക-കേരളാ ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തി ധാരണയിലെത്തണമെന്ന് കേന്ദ്രം നിർദേശിച്ചെങ്കിലും അത് നടന്നിട്ടില്ല.
 

click me!