
തിരുവനന്തപുരം: വിഴിഞ്ഞത്ത് രാഷ്ട്രീയ സംഘർഷത്തിനിടെ പരിക്കേറ്റ യുവതിയുടെ ഗർഭം അലസിയ സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
തെരഞ്ഞെടുപ്പ് ദിവസമുണ്ടായ സിപിഎം-കോൺഗ്രസ് സംഘർഷത്തിനിടെയാണ് രണ്ട് മാസം ഗർഭിണിയായ ഷീബയ്ക്ക് പരിക്കേറ്റത്. ശാരീരിക ആഘാതമല്ല ആരോഗ്യ പ്രശ്നങ്ങളാവാം ഗർഭം അലസിയതിന് കാരണമെന്ന ഡോക്ടർമാരുടെ നിഗമനത്തെ ബന്ധുക്കൾ തളളി. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്ന വിശദീകരണത്തിൽ ഉറച്ചുനിൽക്കുകയാണ് സിപിഎം.
കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെ സിപിഎം ബൂത്ത് ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു. ഈ ആക്രമണത്തിൽ പ്രകോപിതരായാണ് സിപിഎം പ്രവർത്തകർ കോൺഗ്രസ് പ്രവത്തകന്റെ വീട് കയറി ആക്രമിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയ സിപിഎം പ്രവർത്തകർ തന്നെ മർദ്ദിച്ചതായി ഷീബ ആരോപിച്ചിരുന്നു.
കഴിഞ്ഞ ഒമ്പതിനാണ് ഷീബയ്ക്ക് മർദ്ദനമേറ്റത്. അടുത്ത ദിവസം രാവിലെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇവരെ വിഴിഞ്ഞത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രക്തസ്രവമുണ്ടായതിനെ തുടർന്ന് പിന്നീട് ഇവരെ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam