ജലഗതാഗത വകുപ്പിന്റെ എ-47 ബോട്ടു ജീവനക്കാരനായി നവംബര്‍ 12നാണ് വെങ്കിടേഷ് ഒപ്പ് വച്ചത്. ബോട്ട് ലാസ്‌കര്‍ തസ്തികയില്‍ പിഎസ്‌സി നിയമനം കിട്ടിയ വെങ്കിടേഷ്, മാതാപിതാക്കള്‍ക്കും സഹോദരനും ഭാര്യയ്ക്കും ഒപ്പമാണ് ആദ്യ ദിനം ബോട്ടില്‍ കയറിയത്.
ആലപ്പുഴയിലെ പെരുമ്പളം ദ്വീപുകാരനായ വെങ്കിടേഷ് ബാബുവിന് ബോട്ടുകളോടുള്ള ഇഷ്ടം തന്‍റെ ജനനം മുതല്‍ തുടങ്ങിയതാണ്. 1996 ജൂണ്‍ മൂന്നിന് താന്‍ പിറന്നുവീണ എ-47 ബോട്ടിനോട് പ്രത്യേകിച്ചൊരു പ്രിയവും വെങ്കിടേഷന് ഉണ്ടായിരുന്നു. ഇപ്പോഴിതാ 29 വര്‍ഷം പിന്നിടുമ്പോള്‍ അതേ ബോട്ടിലെ ജീവവക്കാരനായിരിക്കുകയാണ് വെങ്കിടേഷ്.
അമ്മയ്ക്ക് ഒരു സര്‍പ്രൈസ് !
ജലഗതാഗത വകുപ്പിന്റെ എ-47 ബോട്ടു ജീവനക്കാരനായി നവംബര്‍ 12നാണ് വെങ്കിടേഷ് ഒപ്പ് വച്ചത്. ബോട്ട് ലാസ്‌കര്‍ തസ്തികയില്‍ പിഎസ്‌സി നിയമനം കിട്ടിയ വെങ്കിടേഷ്, മാതാപിതാക്കള്‍ക്കും സഹോദരനും ഭാര്യയ്ക്കും ഒപ്പമാണ് ആദ്യ ദിനം ബോട്ടില്‍ കയറിയത്. എ-47 ബോട്ടിലാണ് ജോലി ലഭിച്ചത് എന്ന് അമ്മയോട് പറയുന്നത് ജോലിക്ക് കയറുന്നതിന് തലേ ദിവസം രാത്രിയാണ്. അമ്മയ്ക്ക് അതൊരു സര്‍പ്രൈസ് ആയിരുന്നു. ഇവന്‍ ഇപ്പോഴും ഇതിന്‍റെ പുറകേ തന്നെ ആയിരുന്നോ എന്നായിരുന്നു അമ്മയുടെ ചോദ്യം. ജോലിക്ക് കയറിയ ആദ്യ ദിനം അച്ഛനും അമ്മയ്ക്കും സന്തോഷവും അതുപോലെ തന്നെ ഒരുപാട് ഓര്‍മ്മകളും നിറഞ്ഞതായിരുന്നു.
29 വര്‍ഷം മുമ്പുള്ള ആ രാത്രി!
29 വര്‍ഷം മുമ്പ് പാണാവള്ളി-പൂത്തോട്ട റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബോട്ട് ഇന്ന് നെടുമുടി-ആലപ്പുഴ സൂപ്പര്‍ എക്‌സ്പ്രസ്. 1996 ജൂണ്‍ മൂന്നിന് പുലര്‍ച്ചെ രണ്ടിനാണ് പെരുമ്പളം സൗത്ത് കിഴക്കനേത്ത് ടി.വി. ബാബുവിന്റെ ഭാര്യ ഷൈലയ്ക്ക് പ്രസവവേദന തുടങ്ങിയത്. അക്കാലത്ത് പെരുമ്പളം ദ്വീപിലെ സൗത്ത് ജെട്ടിയിലാണ് എ-47 ബോട്ട് രാത്രി കെട്ടിയിരുന്നത്. ദ്വീപുകാര്‍ക്ക് രാത്രിയില്‍ അസുഖം വന്നാല്‍ ആശുപത്രിയിലേക്ക് പോകാന്‍ ഈ ബോട്ട് പ്രത്യേക സര്‍വീസ് നടത്തുമായിരുന്നു. അങ്ങനെ ആ രാത്രി ഷൈലയുമായി ഭര്‍ത്താവും മാതാപിതാക്കളും ധൃതിയില്‍ ബോട്ടു യാത്ര തുടങ്ങി. പക്ഷേ, ഷൈലയ്ക്ക് ഉടന്‍ പ്രസവവേദന വന്നു. അഞ്ച് മിനിറ്റിനുള്ളില്‍ ഒരാണ്‍കുഞ്ഞ് ബോട്ടില്‍ പിറന്നുവീണു. അവിടെ നിന്നാണ് വെങ്കിടേഷ് ബാബുവിന്‍റെ കഥയും തുടങ്ങുന്നത്.
ബോട്ടുകളോടുള്ള ഇഷ്ടം
കുട്ടിയായിരുന്നപ്പോള്‍ മുതല്‍ വെങ്കിടേഷന് ബോട്ടുകളോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. ബോട്ടുകളെ കണ്ടാണല്ലോ വളര്‍ന്നത്. എ-47 ബോട്ട് പിന്നീട് ആലപ്പുഴയിലേക്കു സര്‍വീസ് മാറ്റി. 2018-ല്‍ അറ്റകുറ്റപ്പണിക്കായി ആലപ്പുഴ ഡോക് യാര്‍ഡിലെത്തിച്ചപ്പോള്‍ വെങ്കിടേഷ് പോയി നോക്കി നിന്നു. അന്ന് ബോട്ട് ജീവനക്കാര്‍ വെങ്കിടേഷിനോട് ചോദിക്കുകയും ചെയ്തിരുന്നു എന്താ ഇങ്ങനെ നോക്കുന്നത് എന്ന്. അപ്പോള്‍ അവരോടും വെങ്കിടേഷ് ഈ കഥ പറഞ്ഞു. അവരോട് ലേലത്തില്‍ കിട്ടുമോയെന്നും അന്വേഷിച്ചു. അന്ന് പക്ഷേ സര്‍ക്കാര്‍ അത് ലേലത്തിന് കൊടുക്കുന്നില്ലായിരുന്നു. തടിബോട്ടുകള്‍ കൂടുതല്‍ക്കാലം നിലനില്‍ക്കും. ഇവയ്ക്ക് എല്ലാ കൊല്ലവും അറ്റകുറ്റപ്പണിയും തുറമുഖ വകുപ്പിന്റെ പരിശോധനയുമുണ്ട്. മൂന്ന് കൊല്ലം കൂടുമ്പോള്‍ തടി മാറ്റുന്നതുള്‍പ്പെടെയുള്ള പണിനടത്തും. പിന്നീട്, തുറമുഖ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ലൈസന്‍സ് പുതുക്കും. അതിനാലാണ് എ-47 ഇപ്പോഴും സര്‍വീസ് നടത്തുന്നത്.
ബോട്ടുമായി ബന്ധപ്പെട്ട ജോലികള്‍
ബോട്ട് ജീവനക്കാരനാകാനുള്ള ആഗ്രഹം കാരണം അതിനിടെ ബോട്ട് ലാസ്‌കര്‍, സ്രാങ്ക്, സെക്കന്‍ഡ് ക്ലാസ് മാസ്റ്റര്‍, എന്‍ജിന്‍ ഡ്രൈവര്‍, ഫസ്റ്റ് ക്ലാസ് എന്‍ജിന്‍ ഡ്രൈവര്‍ ലൈസന്‍സുകളും എംടിടി സര്‍ട്ടിഫിക്കറ്റും വെങ്കിടേഷ് സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന്, ജലഗതാഗത വകുപ്പില്‍ താത്കാലിക ജോലി ചെയ്തു. പിന്നീട്, കൊച്ചി വാട്ടര്‍ മെട്രോയിലും ജോലി ചെയ്തു. ഇതിനിടെയാണ് പിഎസ്സിയുടെ ലാസ്‌കര്‍ പരീക്ഷയെഴുതിയത്. ഒടുവില്‍ ഉത്തരവു കിട്ടിയപ്പോള്‍ സുഹൃത്തുക്കള്‍ മുഖനേ എ-47 ബോട്ടുമായുള്ള തന്റെ ബന്ധം ജലഗതാഗത വകുപ്പിനെ അറിയിച്ചു. അതേ ബോട്ടില്‍ ജോലിക്കാരനാകാനുള്ള വെങ്കിടേഷിന്റെ ആഗ്രഹത്തിന് ജലഗതാഗത വകുപ്പ് എംഡി ഷാജി വി. നായര്‍ അനുമതി നല്‍കി. സഹോദരന്‍ ഗണേഷ്ബാബു വാട്ടര്‍ മെട്രോയില്‍ ബോട്ട് അസിസ്റ്റന്റാണ്. പെരുമ്പളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നെബിതയാണു ഭാര്യ.
എ-47 ബോട്ട് വാങ്ങണം
ഇപ്പോഴും എ-47 ബോട്ട് വാങ്ങാനുള്ള മോഹം വെങ്കിടേഷ് മറന്നിട്ടില്ല. എപ്പോഴും സര്‍ക്കാര്‍ ഇത് ലേലത്തിന് വച്ചാല്‍ വാങ്ങുമെന്നാണ് വെങ്കിടേഷ് പറയുന്നത്.
