
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഭാഗമായി പീഡിപ്പിക്കുകയാണെന്നും തോന്നിയ പോലെയുള്ള അന്വേഷണമാണ് നടക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. ദേശീയ തലത്തിലെ പ്രതിപക്ഷ നേതാക്കൾക്ക് എതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടത്തുന്നു. എവിടെ പ്രതിപക്ഷ കക്ഷികൾ ഭരണത്തിലുണ്ടോ അവിടെയെല്ലാം ഭരണം അസ്ഥിരപ്പെടുത്താൻ നീക്കം നടക്കുകയാണെന്ന് മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കൾക്കെതിരായ അന്വേഷണങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങൾ വിശദമാക്കി അന്വേഷണ ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിക്ക് എതിരായ രാഷ്ട്രീയ സംഭവങ്ങൾ വരുന്നസാഹചര്യത്തിലാണ് അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത്. ഏത് അഴിമതിക്കാരും ബിജെപിയിൽ എത്തിയാൽ പിന്നെ കേസില്ലെന്ന സ്ഥിതിയാണുള്ളത്. കേരളത്തിൽ മേയാൻ കേന്ദ്ര ഏജൻസികൾക്ക് സ്വാഭാവികമായും കഴിയില്ല. എന്നാൽ സംസ്ഥാന സർക്കാരിന് എതിരായ അന്വേഷണങ്ങളെ കോൺഗ്രസും ബിജെപിയും പിന്തുണക്കുകയാണ്.
ഭൂപേന്ദർ സിംഗ് ഹൂഡ അഖിലേഷ് യാദവ് പോലുള്ള മുൻ മുഖ്യമന്ത്രിമാരെ അന്വേഷണ ഏജൻസികൾ വേട്ടയാടി. പി ചിദംബരത്തെ അറസ്റ്റ് ചെയ്തതും അസാധാരണനിലയിലായിരുന്നു. ബിജെപിക്ക് എതിരായ രാഷ്ട്രീയ സംഭവങ്ങൾ വരുമ്പോൾ ആണ് അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. തെരഞ്ഞെടുപ്പ് ജയിക്കാൻ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് സഹായം നൽകലല്ല കേന്ദ്ര ഏജൻസികളുടെ ജോലിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വ്യവസ്ഥാപിതമായി മാത്രമേ ഏജൻസികൾ പ്രവര്‍ത്തിക്കാവു. തോന്നിയ പോലെ ആകരുത് അന്വേഷണം. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ഭരണകൂടങ്ങളെ അട്ടിമറിക്കാൻ വൻതോതിൽ പണം ഒഴുക്കുന്നു. എവിടെ പ്രതിപക്ഷ കക്ഷികൾ ഭരണത്തിലുണ്ടോ അവിടെയെല്ലാം ഭരണം അസ്ഥിരപ്പെടുത്താൻ നീക്കം നടക്കുകയാണ്. 20 കോടി മുതൽ 50 കോടി വരെ റേറ്റ് നിശ്ചയിക്കുന്നു എന്ന് മാധ്യമങ്ങൾ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം കുറ്റകൃത്യത്തിനെതിരെ ഒരു തരം അന്വേഷണവും ഉണ്ടായില്ല. അതൊന്നും കേട്ടതായി ഭാവിക്കാൻ പോലും അന്വേഷണ ഏജൻസികൾ തയ്യാറായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam