
തിരുവനന്തപുരം: സിൽവർ ലൈൻ (Silver Line) വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചേക്കില്ലന്ന് സൂചന. കേസുകളുമായി മുന്നോട്ട് പോകുമെന്നാണ് പൊലീസിന്റെ നിലപാട്. രജിസ്റ്റർ ചെയ്ത കേസുകളിൽ കുറ്റപത്രം നൽകും. സര്‍ക്കാരിന്റെ നിലപാടറിയാതെ കേസുകള്‍ പിന്‍വലിക്കുന്ന കാര്യം ആലോചിക്കാന്‍ സാധ്യമല്ലെന്ന നിലപാടിലാണ് പൊലീസ്. തുടര്‍ നടപടികൾ പിന്നീടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
കെ റെയിൽ സർവ്വെയുടെ ഭാഗമായി സ്ഥാപിച്ച സർവ്വെ കല്ല് പൊതുമുതൽ തന്നെയാണെന്നാണ് പൊലീസിന് നേരത്തെ ലഭിച്ചിട്ടുള്ള നിയമോപദേശം. എടക്കാട് സിഐക്കാണ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകിയത്. നിയമോപദേശം കിട്ടിയ സാഹചര്യത്തിൽ ഡിസിസി പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാൻ പൊലീസിനാവും. കണ്ണൂർ ചാലയിൽ കെ റെയിൽ കല്ലുകൾ തകർത്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ നേരത്തെ പൊതുമുതൽ നശിപ്പിച്ചതിന് പൊലീസ് കേസെടുത്തിരുന്നു.
അതേസമയം, സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടൽ അവസാനിപ്പിച്ചെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ച് പറയുകയാണ് സര്‍ക്കാര്‍. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് സര്‍വേ തുടരാനാണ് തീരുമാനം. തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടിനിടെ കല്ലിടലിൽ നിന്ന് സര്‍ക്കാര്‍ പിൻമാറിയത് രാഷ്ട്രീയ വിജയമാക്കാൻ പ്രതിപക്ഷം തയ്യാറെടുക്കുമ്പോൾ ഒട്ടും അയഞ്ഞിട്ടില്ലെന്ന സൂചന തന്നെയാണ് സർക്കാർ നൽകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി എം വി ഗോവിന്ദനും സർക്കാർ നിലപാട് ആവർത്തിച്ച് ഇന്നും രംഗത്തെത്തി.
സമരം മൂന്നാം ഇടത് സർക്കാരിന് തടയിടാനെന്ന് കോടിയേരി
പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നും അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കിയ സർക്കാരാണിതെന്നും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയെ ഓര്‍മിപ്പിച്ച് കോടിയേരി സൂചിപ്പിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിക്ക് അനുകൂലമായ ജനവിധി സിൽവര്‍ ലൈൻ പദ്ധതിക്ക് ജനങ്ങൾ അനുകൂലമാണെന്നാണ് സൂചിപ്പിക്കുന്നത്. പദ്ധതിക്ക് വേണ്ടി കല്ലിടാതെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സർവേ നടത്തും. അതിനായി പണം സർക്കാർ കണ്ടെത്തും. ഇടത് സര്‍ക്കാര്‍ സിൽവർലൈനിന് വേണ്ടി ഭൂമി നഷ്ടപെടുന്നവർക്കൊപ്പമാണ്. നഷ്ടപരിഹാരമായി ഇപ്പോൾ പ്രഖ്യാപിച്ചതിനെക്കാൾ തുക നൽകണമെന്നാണെങ്കിൽ അതും ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കോടിയേരി വിശദീകരിച്ചു. കേരളത്തിൽ മൂന്നാം ഇടതു സർക്കാർ വരാതിരിക്കാൻ സിൽവർലൈനിനെതിരായ രാഷ്ടീയ സമരം വിമോചന സമരമാക്കാൻ ഒരു വിഭാഗം ശ്രമിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
കിടപ്പാടം നഷ്ടപ്പെടുത്തുന്നത് വലിയ ത്യാഗമെന്ന് എം വി ഗോവിന്ദൻ
കേരളത്തിന്റെ അടുത്ത 50 വർഷത്തെ വളർച്ച മുന്നിൽക്കണ്ടുള്ള പദ്ധതിയാണ് സിൽവർ ലൈൻ എന്ന് മന്ത്രി എം.വി.ഗോവിന്ദൻ. പക്ഷേ, സർക്കാരിനെ അതിന്റെ പേരിൽ നാനാഭാഗത്ത് നിന്നും വളഞ്ഞിട്ട് ആക്രമിക്കുകയാണ്. യാത്രക്കാരുടെ സൗകര്യം മാത്രമല്ല കേരളത്തിന്റെ സമഗ്ര വികസനമാണ് സിൽവർ ലൈൻ ലക്ഷ്യമിടുന്നത്. ഒരൊറ്റ മനുഷ്യന് പോലും പ്രയാസമില്ലാത്ത നിലയിലേ സിൽവർ ലൈൻ വരൂ. ആർക്കെങ്കിലും വിഷമമുണ്ടായാൽ പിന്നെ പദ്ധതി ഉണ്ടാകില്ല എന്നുതന്നെ സർക്കാരിന് ഉറപ്പിച്ച് പറയാൻ കഴിയുമെന്നും എം.വി.ഗോവിന്ദൻ തിരുവനന്തപുരത്ത് പറഞ്ഞു. കിടപ്പാടം നഷ്ടപ്പെടുത്തുന്നത് വലിയ ത്യാഗമാണ്. പക്ഷെ നാടിന്റെ സമഗ്ര വികസനത്തിനും ഉന്നതിക്കും വേണ്ടിയാണ് ഈ ത്യാഗമെന്ന് ജനം തിരിച്ചറിയണമെന്നും എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടു.
വിജയമെന്ന് പ്രതിപക്ഷം
അതേസമയം കല്ലിടൽ നിര്‍ത്തിയത് തന്നെ ജനകീയ പ്രതിഷേധത്തിന്റെ വിജയമാണെന്ന പ്രചാരണം ശക്തമാക്കുകയാണ് പ്രതിപക്ഷം. കല്ലിടൽ നർത്തിയത് യുഡിഎഫ് പ്രതിഷേധം ലക്ഷ്യം കണ്ടു എന്നതിന്റെ തെളിവാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
സർവേ ഇനി എങ്ങനെ?
ജിപിഎസ് സര്‍വെയാണ് ഇനി നടക്കുക. അതിരടയാളം രേഖപ്പെടുത്താൻ ജിയോ ടാഗിംഗ് പ്രയോജനപ്പെടുത്തും . സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തിൽ തുടര്‍ നടപടികൾ എങ്ങനെ വേണമെന്ന് ആലോചിച്ച് വരികയാണെന്ന് കെ റെയിൽ അധികൃതര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam