
മലപ്പുറം: കൂളിമാട് കടവ് പാലത്തില്‍ (Koolimadu Kadavu) നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധന. ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറുടെ നേതൃത്വത്തിലായിരിക്കും പരിശോധന നടക്കുക. ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവെന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ വിശദീകരണമുൾപ്പടെ പിഡബ്ല്യുഡി വിജിലൻസ് വിഭാഗം പരിശോധിക്കും. റോഡ് ഫണ്ട് ബോർഡും പാലത്തില്‍ പരിശോധന നടത്തും.
ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്‍റെ മലപ്പുറം ഭാഗത്തെ ബീമാണ് ഇന്നലെ തകർന്ന് പുഴയിൽ വീണത്. യന്ത്രസഹായത്തോടെ പാലത്തിന്‍റെ തൂണിൽ ബീം ഘടിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 2019 ലാണ് നിർമ്മാണം തുടങ്ങിയത്. പിന്നീട് പ്രളയം കാരണം നിർമ്മാണം തടസ്സപ്പെട്ടു. എസ്റ്റിമേറ്റ് പുതുക്കി നൽകിയാണ് നിർമ്മാണം ആരംഭിച്ചത്.
പാലം തകർന്നത് സർക്കാരിനെതിരെ ആയുധമാക്കിയിരിക്കുകയാണ് യുഡിഎഫ്. നിർമ്മാണത്തിൽ അഴിമതി നടന്നെന്നും വീഴ്ച്ചയിൽ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും തുല്യപങ്കുണ്ടെന്നും മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ ആരോപിച്ചു. അന്വേഷണമാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് യൂത്ത് ലീഗ് പരാതി നൽകും. നിർമാണത്തിലെ അപാകത, അഴിമതി എന്നിവ പരിശോധിക്കണം എന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകുന്ന പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് യൂത്ത് ലീഗ് നീക്കം. ആരോപണം പറയേണ്ടവർക്ക് പറയാമെന്നും വിജിലൻസ് അന്വേഷണം നടക്കുന്നെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam