കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; വിജിലൻസ് കോടതിയുത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച പുനപരിശോധന ഹർജി തീർപ്പാക്കി

By Web TeamFirst Published Aug 22, 2019, 4:30 PM IST
Highlights

റിവിഷൻ ഹർജി നിലനിൽക്കില്ലെന്നും പരാതിക്കാരന് വേണമെങ്കിൽ വിജിലൻസ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. 

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിൽ മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ, എംഡി രതീഷ് എന്നിവരെ കുറ്റവിമുക്തരാക്കിയ വിജിലൻസ് കോടതിയുത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച പുനപരിശോധന ഹർജി ഹൈക്കോടതി തീർപ്പാക്കി. റിവിഷൻ ഹർജി നിലനിൽക്കില്ലെന്നും പരാതിക്കാരന് വേണമെങ്കിൽ വിജിലൻസ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. 

ചന്ദ്രശേഖരനേയും രതീഷിനേയും കുറ്റവിമുക്തരാക്കിയ വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി നേരത്തേ ശരിവച്ചിരുന്നു. ഇതിനെതിരെയായിരുന്നു റിവിഷൻ ഹർജി സമർപ്പിച്ചത്. പരാതിക്കാരനായ കടകംപള്ളി മനോജ് ആണ് റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അടഞ്ഞ് കിടക്കുകയായിരുന്ന കോർപ്പറേഷൻ ഫാക്ടറികൾ തുറക്കാൻ 2015 ലെ ഓണക്കാലത്ത് സർക്കാർ നൽകിയ 30 കോടി വിനിയോഗിച്ച് തോട്ടണ്ടി വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലായിരുന്നു വിജിലൻസ് അന്വേഷണം നടത്തിയത്.

തോട്ടണ്ടി ഇറക്കുമതിയിൽ ആറു കോടി രൂപയുടെ അഴിമതി നടന്നുവെന്ന പരാതിയിലാണ് ഇവർക്കെതിരെ കേസ് എടുത്തിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നിട്ടില്ലെന്ന റിപ്പോർട്ട് വിജിലൻസ് നൽകിയിരുന്നു. കോർപറേഷൻ മുൻ ചെയർമാൻ ആർ ചന്ദ്രശേഖരൻ ഉൾപ്പടെ നാലുപേരെ പ്രതികളാക്കിയായിരുന്നു വിജിലൻസ് കേസെടുത്തിരുന്നത്. 
 

click me!