കേരളത്തിന്റെ തീരപ്രദേശത്ത് കാസിനോകൾ തുറക്കുമോ? സർക്കാരിന്റെ മറുപടി

By Web TeamFirst Published Feb 5, 2020, 9:24 AM IST
Highlights

കേരളത്തിൽ കൂടുതൽ ലഹരിമുക്ത കേന്ദ്രങ്ങൾ തുറക്കാൻ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ താലൂക്കിലും ലഹരിമുക്ത കേന്ദ്രങ്ങൾ തുറക്കാനാണ് ശ്രമിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് കാസിനോകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടോയെന്ന് നിയമസഭയിലെ ചോദ്യോത്തര വേളയിൽ ചോദ്യം. എന്നാൽ സർക്കാർ ഭാഗം വിശദീകരിച്ച എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ ഇങ്ങനെയൊരു തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. സംസ്ഥാനത്ത് ബാറുകൾ അടച്ചിട്ടപ്പോൾ വിറ്റഴിക്കപ്പെട്ട മദ്യത്തേക്കാൾ കുറവ് മദ്യമാണ് 2018-19 കാലത്ത് വിറ്റഴിച്ചതെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

"വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള യൂണിറ്റുകൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തീരപ്രദേശത്ത് കാസിനോകൾക്ക് അനുവാദം നൽകാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. ബാറുകൾ അടച്ചിട്ടപ്പോഴും കേരളത്തിൽ മദ്യ ഉപഭോഗം കുറഞ്ഞില്ല. ബാർ ഹോട്ടലുകൾക്ക് നിയന്ത്രണം ഉണ്ടായിരുന്ന 2015-2016 വർഷത്തിൽ 220.58 ലക്ഷം കെയ്സ് മദ്യം വിറ്റു. എന്നാൽ നിയന്ത്രണം പിൻവലിച്ച 2018-2019 കാലത്ത് 214.34 കെയ്സ് മദ്യമാണ് വിറ്റത്," മന്ത്രി പറഞ്ഞു.

കേരളത്തിൽ കൂടുതൽ ലഹരിമുക്ത കേന്ദ്രങ്ങൾ തുറക്കാൻ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ താലൂക്കിലും ലഹരിമുക്ത കേന്ദ്രങ്ങൾ തുറക്കാനാണ് ശ്രമിക്കുക.  നിലവിലുള്ള ഇത്തരം കേന്ദ്രങ്ങളിൽ ചികിത്സാ സൗകര്യവും കിടക്കകളുടെ എണ്ണവും കൂട്ടുമെന്നും മന്ത്രി ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.

click me!