കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം: കഴകം ജോലി വേണ്ടെന്ന് ബാലു; 'ഇങ്ങനൊരു പ്രതിസന്ധി പ്രതീക്ഷിച്ചില്ല'

Published : Mar 10, 2025, 08:46 PM IST
കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം: കഴകം ജോലി വേണ്ടെന്ന് ബാലു; 'ഇങ്ങനൊരു പ്രതിസന്ധി പ്രതീക്ഷിച്ചില്ല'

Synopsis

കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി ലഭിച്ച കഴകം ജോലിക്ക് ഇനി താനില്ലെന്ന് തിരുവനന്തപുരം സ്വദേശി ബാലു

തൃശ്ശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ജാതി വിവേചനത്തിന് ഇരയായ ബാലു. ഇനി കഴകം ജോലിക്ക് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലേക്കില്ലെന്നും ദേവസ്വം പുനഃക്രമീകരിച്ച ഓഫീസ് ജോലിക്കാണെങ്കിൽ വരാമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. കൂടൽമാണിക്യം ക്ഷേത്രത്തിൽ താൻ കാരണം ഒരു പ്രശ്നവും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. പരീക്ഷ എഴുതുന്ന കാലത്ത് ഇങ്ങനൊരു പ്രതിസന്ധി ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. ആറാം തീയതി ദേവസ്വത്തിന്റെ കത്ത് വന്നപ്പോഴാണ് തന്നെ തന്ത്രിമാർ ബഹിഷ്‌കരിക്കുകയാണെന്ന് അറിഞ്ഞത്. തന്ത്രിമാർ ആരൊക്കെയെന്നോ തന്ത്രി കുടുംബാംഗങ്ങൾ ആരൊക്കെയെന്നോ അറിയില്ലായിരുന്നുവെന്നും ബാലു പ്രതികരിച്ചു.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴിയാണ് കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം പ്രവൃത്തിക്കാരനായി ബാലുവിന് നിയമനം ലഭിച്ചത്. കഴിഞ്ഞ മാസം 24നാണ് ഇദ്ദേഹം ചുമതലയേറ്റത്. ഇതോടെയാണ് തന്ത്രിമാരുടെ പ്രതിഷേധം ആരംഭിച്ചത്. ഈഴവ സമുദായംഗമായ ബാലു കഴകം പ്രവർത്തി ചെയ്യാൻ തുടങ്ങിയത് മുതൽ തന്ത്രിമാര്‍ ക്ഷേത്ര ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്നു. തുടർന്ന് ചർച്ച വിളിക്കുകയും ബാലുവിനെ ഓഫീസ് ജോലികളിലേക്ക് മാറ്റുകയും ചെയ്തു. പിന്നാലെ ബാലു ഏഴു ദിവസത്തെ അവധിയിൽ പോയി. ബാലുവിനെ പിന്തുണച്ച് തന്ത്രിമാരിലൊരാളായ വെളുത്തേടത്ത് തരണനെല്ലൂര്‍ പടിഞ്ഞാറെ മനയിലെ അനിപ്രകാശ് രംഗത്തുവന്നു. ബാലുവിനെ ബഹിഷ്‌കരിച്ച തന്ത്രിമാരുടെ തീരുമാനത്തിനെതിരെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനും രംഗത്തെത്തി. അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന ബാലുവിനെ കഴക പ്രവർത്തിയിൽ നിയമിക്കുമെന്നാണ് ഭരണസമിതി വ്യക്തമാക്കിയത്. അങ്ങനെയെങ്കിൽ പ്രതിഷേധം തുടരുമെന്നാണ് തന്ത്രിമാർ നിലപാടെടുത്തത്. പ്രതിഷേധം തുടർന്നാൽ ക്ഷേത്ര ചടങ്ങുകളെയും മെയ് 8ന് നടക്കുന്ന ഉത്സവ ചടങ്ങുകളെയും ബാധിക്കും. ഈ ഘട്ടത്തിലാണ് താൻ കഴകം ജോലിക്കില്ലെന്ന് വ്യക്തമാക്കി ബാലു നിലപാടെടുത്തിരിക്കുന്നത്.

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി