
കോട്ടയം : കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരത്തിന് ജാതി ഒരു മാർക്കറ്റിംഗ് ടൂൾ ആക്കുകയായിരുന്നുവെന്ന് രാജിവെച്ച ഡയറക്ടർ ശങ്കർ മോഹൻ. സമരത്തിനു പിന്നിലുണ്ടായ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശങ്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിദ്യാർഥി സമരം അവസാനിച്ചെങ്കിലും അധ്യാപകർ കൂട്ടരാജിവെച്ചതോടെ കാമ്പസിൽ അധ്യയനം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
വിദ്യാർഥികളെ ആയുധമാക്കി തനിക്കെതിരെ ജീവനക്കാരിൽ ചിലർ ആസൂത്രിത നീക്കം നടത്തുകയായിരുന്നെന്ന വാദമാണ് ശങ്കർ മോഹൻ ഉന്നയിക്കുന്നത്. കാമ്പസിൽ അച്ചടക്കം കൊണ്ടുവന്നതും അഴിമതിക്കെതിരെ നിലപാട് എടുത്തതുമാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണമെന്നും ശങ്കർ വാദിക്കുന്നു.
കഴിഞ്ഞ ദിവസം രാജിവച്ച അധ്യാപകരും ശങ്കർ മോഹന് പിന്തുണയുമായി രംഗത്തു വന്നു. കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകരും ജീവനക്കാരുമാണ് കൂട്ട രാജിവെച്ചത്. ഡീൻ ചന്ദ്രമോഹൻ, സിനിമോട്ടോഗ്രാഫി അധ്യാപിക ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമട്ടോഗ്രാഫി വിഭാഗത്തിലെ നന്ദകുമാർ, അസിസ്റ്റന്റ് പ്രൊഫസർ ഡയറക്ഷൻ ബാബാനി പ്രമോദി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിഭാഗത്തിലെ സന്തോഷ്, അഡ്മിനിസ്ട്രേഷൻ ഓഫീസർ അനിൽ കുമാർ എന്നിവരാണ് രാജിവെച്ചത്. ശങ്കർ മോഹനുമായി അടുപ്പമുള്ളവരാണ് രാജിവെച്ചവരെല്ലാം. അധ്യാപകർക്ക് ഗുണനിലവാരം ഇല്ലെന്ന വിദ്യാർത്ഥികളുടെ പരാതി അംഗീകരിക്കാൻ ആവില്ലെന്ന് രാജിവെച്ച അധ്യാപകർ പറഞ്ഞു.
ഡയറക്ടറും അഡ്മിനിസ്ട്രേറ്റീവ് ഓഫിസറും രാജിവയ്ക്കുകയും ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ ദൈനം ദിന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തതോടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പ് തന്നെ പ്രതിസന്ധിയിലാണ്. രാജിവെച്ച അധ്യാപകർക്ക് പകരം പുതിയ ആളുകളെ വേഗത്തിൽ കണ്ടെത്തുന്നതടക്കമുള്ള വെല്ലുവിളികളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരിടുന്നത്.
read more കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കൂട്ട രാജി; ഡീൻ അടക്കം എട്ട് പേർ രാജിവെച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam