Asianet News MalayalamAsianet News Malayalam

കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കൂട്ട രാജി; ഡീൻ അടക്കം എട്ട് പേർ രാജിവെച്ചു

അധ്യാപകർക്ക് ഗുണനിലവാരം ഇല്ലെന്ന വിദ്യാർത്ഥികളുടെ പരാതി അംഗീകരിക്കാൻ ആവില്ലെന്ന് രാജിവെച്ച അധ്യാപകർ പറഞ്ഞു

Dean and teachers resigned from KR Narayanan film institure
Author
First Published Jan 23, 2023, 7:51 PM IST

കോട്ടയം: കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി. ഡീൻ ഉൾപ്പെടെ എട്ട് പേർ രാജി വെച്ചു. ഡീൻ ചന്ദ്രമോഹൻ, സിനിമോട്ടോഗ്രാഫി അധ്യാപിക ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമട്ടോഗ്രാഫി വിഭാഗത്തിലെ നന്ദകുമാർ, അസിസ്റ്റന്റ് പ്രൊഫസർ ഡയറക്ഷൻ ബാബാനി പ്രമോദി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിഭാഗത്തിലെ സന്തോഷ്‌, അഡ്മിനിസ്ട്രേഷൻ ഓഫീസർ അനിൽ കുമാർ എന്നിവരാണ് രാജിവെച്ചത്. രാജിവെച്ച ഡയറക്ടർ ശങ്കർ മോഹനുമായി അടുപ്പമുള്ളവരാണ് രാജിവെച്ചത്. അധ്യാപകർക്ക് ഗുണനിലവാരം ഇല്ലെന്ന വിദ്യാർത്ഥികളുടെ പരാതി അംഗീകരിക്കാൻ ആവില്ലെന്ന് രാജിവെച്ച അധ്യാപകർ പറഞ്ഞു. ശങ്കർ മോഹന് ഈ മാസം പതിനെട്ടാം തീയതി തന്നെ രാജിക്കത്ത് നൽകിയിരുന്നതായി അധ്യാപകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കെആർ നാരായണൻ ഫിംലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അധ്യാപകരുടെ കൂട്ടരാജി വിവരം പുറത്തുവരുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നേരിട്ടെത്തി വിദ്യാർത്ഥികളുമായി ചർച്ച നടത്തി.  സ്ഥാപനത്തിന് പുതിയ ഡയറക്ടറെ ഉടൻ കണ്ടെത്തും. ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ നികത്തുമെന്നും മന്ത്രി അറിയിച്ചു. 

ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ഡയറക്ടറുടെ വസതിയിൽ ജോലിക്കായി നിയോഗിക്കില്ല. സ്ഥാപനത്തിൽ പരാതി പരിഹാര സെൽ രൂപീകരിക്കുമെന്നും വിദ്യാർത്ഥി ക്ഷേമ സമിതി എന്ന പേരിൽ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവരുടെ പരാതി പരിഹാരത്തിനായി സോഷ്യൽ ജസ്റ്റിസ് കമ്മിറ്റി നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡിപ്ലോമ കോഴ്സുകൾ സമയബന്ധിതമായി പൂർത്തിയാക്കും. ഇതിനകം പഠനം പൂർത്തിയാക്കിയവർക്ക് മാർച്ച് 30ന് ഉള്ളിൽ സർട്ടിഫിക്കറ്റ് നൽകും. 

Follow Us:
Download App:
  • android
  • ios