നിപാ കാലത്തും തളരാത്തവര്‍ക്ക് അവഗണന; മെഡിക്കൽ കോളേജിലെ ജീവനക്കാര്‍ സമരത്തില്‍

By Web TeamFirst Published Jun 2, 2019, 10:22 AM IST
Highlights

താൽക്കാലിക ജീവനക്കാർ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം ആറ് ദിവസം പിന്നിട്ടു. 

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപാ കാലത്തുൾപ്പെടെ ദീർഘകാലം താൽക്കാലിക ജീവനക്കാരായിരുന്നവരെ പിരിച്ചു വിടുന്നതിനെതിരെ സമരം ശക്തമാകുന്നു. താൽക്കാലിക ജീവനക്കാർ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം ആറ് ദിവസം പിന്നിട്ടു. 

അഞ്ച് മാസം മുൻപാണ് 47 താൽക്കാലിക ജീവനക്കാരെ പിരിച്ച് വിട്ടുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. നാല് മുതൽ ഇരുപത് വർഷം വരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ സേവനമനുഷ്ടിച്ചവരാണ് ഉത്തരവ് ലഭിച്ചവര്‍.

നിരവധി തവണ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തെങ്കിലും ഫലമുണ്ടായില്ല. ആരോഗ്യ മന്ത്രി മെഡിക്കൽ കോളജിൽ എത്തിയപ്പോൾ പ്രയാസം നേരിട്ട് പറഞ്ഞു. ജോലി സ്ഥിരപ്പെടുത്താൻ കഴിയില്ലെങ്കിലും താൽക്കാലിക ജീവനക്കാർ എന്ന നിലയിൽ തുടരാൻ സൗകര്യം ഒരുക്കുമെന്നാണ് അന്ന് മന്ത്രി ഇവർക്ക് ഉറപ്പ് കൊടുത്തത്.

നിപ്പ വൈറസ് ഭീതി വിതച്ച സമയത്ത് മെഡിക്കൽ കോളജ് ജീവനക്കാർ പോലും ഭയന്ന് പിൻമാറിയപ്പോൾ താൽക്കാലിക ജീവനക്കാർ കാഴ്ച വച്ചത് മികച്ച സേവനമായിരുന്നു. എന്നാൽ ഇക്കാര്യം സർക്കാരിന്‍റെ പരിഗണനയിൽ ഉണ്ടെന്നും ജോലി സ്ഥിരപ്പെടുത്താൻ കഴിയില്ലെന്നുമാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം

click me!