'എൻഎസ്എസിന് ലഭിച്ച വിധി എല്ലാവർക്കും ബാധകമാക്കണം', സർക്കാരിനെതിരെ സ്വരം കടുപ്പിച്ച് കത്തോലിക്കാ കോൺഗ്രസ്, 'ഭിന്നശേഷി സംവരണത്തിൽ നിലപാട് തിരുത്തണം'

Published : Oct 04, 2025, 12:11 PM IST
Catholic Congress

Synopsis

വരുന്ന തെരഞ്ഞെടുപ്പുകളിൽ സർക്കാരിന് തിരിച്ചടിയുണ്ടാകും. കേരള കോൺഗ്രസ് മാണി വിഭാഗം ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ ഇടപെടണമെന്നും ഫിലിപ്പ് കവിയിൽ ആവശ്യപ്പെട്ടു

തിരുവനന്തപുരം: എയിഡഡ് നിയമനത്തിലെ ഭിന്നശേഷി സംവരണ തീരുമാനത്തിൽ സർക്കാരിനെതിരെ സ്വരം കടുപ്പിച്ച് കത്തോലിക്കാ കോൺഗ്രസ്. വിദ്യാഭ്യാസമന്ത്രിക്ക് ധാർഷ്ട്യത്തിന്റെ ഭാഷയെന്ന് ഗ്ലോബൽ ഡയറക്ടർ ഫിലിപ്പ് കവിയിൽ അഭിപ്രായപ്പെട്ടു. എയിഡഡ് നിയമനത്തിലെ ഭിന്നശേഷി സംവരണത്തിൽ സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും കത്തോലിക്ക കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ഇക്കാര്യത്തിൽ നിർണായക നിലപാട് സ്വീകരിക്കാൻ കത്തോലിക്ക കോൺഗ്രസ് നിർബന്ധിതരാകുമെന്ന് ഫിലിപ്പ് കവിയിൽ വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പുകളിൽ സർക്കാരിന് തിരിച്ചടിയുണ്ടാകും. കേരള കോൺഗ്രസ് മാണി വിഭാഗം ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ ഇടപെടണമെന്നും ഫിലിപ്പ് കവിയിൽ ആവശ്യപ്പെട്ടു. എൻ എസ് എസിന് ലഭിച്ച വിധി എല്ലാവർക്കും ബാധകമാക്കണം. ഈ മാസം 13 മുതൽ കത്തോലിക്കാ കോൺഗ്രസ് കേരള യാത്ര നടത്തുമെന്നും ഫിലിപ്പ് കവിയിൽ വ്യക്തമാക്കി.

എൻഎസ്എസിന് ലഭിച്ച വിധിയിൽ മന്ത്രിയുടെ പ്രതികരണം

2021ലാണ് ഹൈക്കോടതിയും സുപ്രീംകോടതിയും ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതും സുപ്രധാന വിധി പുറപ്പെടുവിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. വിധി എതിരാണെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് മാനേജ്മെന്‍റ് ചെയ്യേണ്ടത്. അല്ലാതെ സര്‍ക്കാരിനെ പഴിക്കുകയല്ല. അത് ചെയ്യാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ സമരം നടത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. എൻ എസ് എസ് മാനേജ്‌മെന്റിനു മാത്രമാണ് നിയമന അംഗീകാരത്തിന് പ്രത്യേക അനുവാദം ലഭിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട അഡ്വക്കേറ്റ് ജനറലിന്റെയും ലോ സെക്രട്ടറിയുടെയും നിയമോപദേശം നിയമസഭയിൽ വ്യക്തമാക്കിയതാണെന്നും മന്ത്രി വിവരിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നൽകുന്ന പട്ടികയിൽ നിന്ന് മാനേജ്‌മെന്റുകൾ നിയമിക്കുന്ന ഉദ്യോഗാർഥികൾക്ക് നിയമന അംഗീകാരം നൽകുക മാത്രമാണ് വകുപ്പ് ചെയ്യുന്നത്. അതിനാൽ, നിയമനം നടത്താൻ സർക്കാരിനു സാധിക്കുന്നില്ല എന്ന വാദം അടിസ്ഥാനരഹിതമാണെന്നും മന്ത്രി വിശദീകരിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിയമന അംഗീകാരം നൽകാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഒക്ടോബറിൽത്തന്നെ ആദ്യഘട്ട നിയമന ശുപാർശ

എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഭിന്നശേഷി സംവരണവും നിയമനവും വേഗത്തിലാക്കുമെന്നും ആയിരത്തി നാനൂറോളം ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് ഒക്ടോബറിൽത്തന്നെ ആദ്യഘട്ട നിയമന ശുപാർശ നൽകുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഭിന്നശേഷി നിയമനം നടപ്പാക്കുന്നതിനായി മാനേജർമാർ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലേക്ക് നൽകിയിട്ടുണ്ട്. എക്സ്ചേഞ്ചിൽനിന്നും ഉദ്യോഗാർഥികളുടെ വിവരങ്ങൾ ലഭിച്ചാലുടൻ നിയമന നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി വിവരിച്ചു. കാറ്റഗറി ഒന്നുമുതൽ ഏഴുവരെ വിഭാഗങ്ങളിലെ നിയമനങ്ങൾക്കായി മാനേജർമാർ വിട്ടുനൽകിയ ഒഴിവുകൾ സ്ഥിരീകരിച്ച് വിദ്യാഭ്യാസ അധികാരികൾ ജില്ലാതല സമിതികൾക്ക് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്‌. ലഭ്യമാകുന്ന ഒഴിവുകളിലേയ്ക്ക് നിയമനത്തിന് യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി ലിസ്റ്റും ഫോൺ നമ്പറും സ്പെഷ്യൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽനിന്നും ജില്ലാതല സമിതികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എം. പദ്മകുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം