
കൊച്ചി: ലൈഫ് മിഷൻ ക്രമക്കേടിൽ പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് സിബിഐ. അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ മാറ്റണമെന്നാവശ്യപ്പെട്ട് സിബിഐ കേരള ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നും ഉന്നത സർക്കാർ ഉദ്യോഗസ്ഥർ അടക്കം ഗൂഡാലോചനയിൽ പങ്കാളികളാണെന്നും സിബിഐ പറയുന്നു.
വലിയ രീതിയിലുള്ള ഉന്നതതല ഗൂഡാലോചനയും കൈക്കൂലിയിടപാടും ലൈഫ് മിഷൻ ഇടപാടിൽ നടന്നിട്ടുണ്ടെന്നാണ് സിബിഐ പറയുന്നത്. സ്വപ്ന വഴി പല ഉന്നതരും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും സിബിഐ പറയുന്നു. ഇപ്പോൾ പുറത്ത് വന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിലൂടെ പുറത്ത് വരേണ്ടതായുണ്ട്. കോടതിയുടെ ഭാഗിക സ്റ്റേ ഉള്ളതിനാൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ സാധ്യമാകുന്നില്ലെന്നാണ് സിബിഐ വാദം.
വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്. ലൈഫ് മിഷനെ FCRA നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവരാൻ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കഴിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു നടപടി. യൂണിടാക്കിനെതിരായ അന്വേഷണം തുടരാമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ സർക്കാരിനെതിരായ അന്വേഷണം സ്റ്റേ ചെയ്തത് മൂലം കേസുമായി ബന്ധപ്പെട്ട പല സുപ്രധാന ഫയലുകളും ലഭിക്കുന്നില്ലെന്നാണ് സിബിഐയുടെ വാദം. ഇടപാടുമായി ബന്ധപ്പെട്ട് പല സർക്കാർ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സ്റ്റേ നിലനിൽക്കുന്നതിനാൽ ഇതും സാധ്യമാകുന്നില്ലെന്ന് സിബിഐ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam