ബൂത്തുകളിൽ നീണ്ട നിര, കൊവിഡ് ചട്ടം പാലിക്കുന്നത് വെല്ലുവിളി, 5 മണിക്കൂറിൽ 40% പോളിംഗ്

By Web TeamFirst Published Dec 8, 2020, 10:17 AM IST
Highlights

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശഭരണസ്ഥാപനങ്ങളിലായി 6911 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 24,584 സ്ഥാനാർത്ഥികളുടെ വിധിയെഴുത്ത്.. തത്സമയം..

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും കേരളം ആവേശത്തോടെ ബൂത്തിലെത്തുകയാണ്. പോളിംഗ് അഞ്ച് മണിക്കൂർ പിന്നിട്ടപ്പോൾ 40% പേർ വോട്ട് രേഖപ്പെടുത്തി. നഗരസഭകളിലും മുൻസിപ്പാലിറ്റികളിലും വോട്ടർമാരുടെ നീണ്ട നിരയാണ്. ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം ആലപ്പുഴയിലാണ്. പത്തനംതിട്ടയാണ് പോളിംഗ് ശതമാനത്തിൽ രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. എങ്കിലും ആദ്യ രണ്ട് മണിക്കൂറിൽത്തന്നെ പതിനഞ്ച് ശതമാനത്തിന് മുകളിലേക്ക് പോളിംഗ് ശതമാനം വരുന്നത് തന്നെ നഗരമേഖലയായ തിരുവനന്തപുരത്ത് അഭൂതപൂർവമായ കാഴ്ചയാണ്. പതിനഞ്ച് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായെന്ന റിപ്പോർട്ടുകൾ വന്നു. 

ഏറ്റവുമൊടുവിൽ വിവിധ ജില്ലകളിലെ പോളിംഗ് ശതമാനം ഇങ്ങനെയാണ്:

ജില്ല പോളിംഗ് ശതമാനം
തിരുവനന്തപുരം 37.48
കൊല്ലം 40. 63
പത്തനംതിട്ട 41.67
ആലപ്പുഴ 42.55
ഇടുക്കി 41.41

മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, കെ രാജു, കടകംപള്ളി സുരേന്ദ്രന്‍, എം എം മണി, സുരേഷ് ഗോപി എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെല്ലാം രാവിലെ വോട്ട് ചെയ്ത് മടങ്ങി. ധനമന്ത്രി തോമസ് ഐസക് വളരെ നേരത്തേ ആലപ്പുഴയിൽ വോട്ട് ചെയ്ത് എറണാകുളത്ത് എത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമേ ഇനി മാധ്യമങ്ങളെ കാണൂ എന്ന് തോമസ് ഐസക് വ്യക്തമാക്കിയിരുന്നതാണ്. അതുപോലെത്തന്നെ, മാധ്യമങ്ങളെ കാണാതെ അദ്ദേഹം വോട്ട് ചെയ്ത് മടങ്ങി. 

തത്സമയസംപ്രേഷണം:

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശഭരണസ്ഥാപനങ്ങളിലായി 6911 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 24,584 സ്ഥാനാർത്ഥികളുടെ വിധിയെഴുത്ത് തുടരുകയാണ്. കൊല്ലം പന്മന പഞ്ചായത്തിലെ രണ്ട് വാർഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്തിലെ ഒരു വാർഡിലും സ്ഥാനാർത്ഥി മരിച്ചതിനാൽ വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. 

കൊവിഡ് കാലത്ത് ബൂത്തുകളിലേക്ക് ആളുകൾ എത്തുന്നത് കുറയുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും ആവേശത്തോടെ ആളുകളെത്തി വോട്ട് ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. തിരുവനന്തപുരത്ത് അടക്കം രാവിലെയുള്ള മണിക്കൂറുകളിൽ ഈ സമയത്ത് പതിനഞ്ച് ശതമാനത്തിന് മുകളിലേക്ക് പോയിട്ടില്ലെന്നതാണ് ശ്രദ്ധേയം. കൊവിഡിനും തോൽപ്പിക്കാനാകാതെ ആളുകൾ വരിവരിയായി ബൂത്തുകളിലേക്ക് എത്തുന്നു. 

അതേസമയം, തിരക്കേറിയതോടെ ബൂത്തുകളിൽ കൊവിഡ് ചട്ടങ്ങൾ പാലിക്കുന്നത് വലിയ വെല്ലുവിളിയാവുകയാണ്. സാമൂഹിക അകലം പാലിക്കാതെ വോട്ടർമാർ ബൂത്തുകൾക്ക് മുന്നിൽ നിൽക്കുന്ന കാഴ്ച സംസ്ഥാനത്ത് പലയിടത്തും കാണാം. പ്രോട്ടോക്കോൾ പാലിക്കണമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. സാമൂഹിക അകലം പാലിച്ച്, സാനിറ്റൈസർ കയ്യിൽ കരുതി, മാസ്ക് നിർബന്ധമായും ധരിച്ച് വേണം ബൂത്തുകളിലെത്താൻ. കുട്ടികളെ കൊണ്ടുവരരുത്. മുതിർന്ന പൗരൻമാരെ കൊണ്ടുവരുമ്പോൾ നല്ലവണ്ണം ശ്രദ്ധിക്കുകയും വേണം.  

എങ്ങനെ വോട്ട് ചെയ്യാം? തെരഞ്ഞെടുപ്പ് കമ്മീഷനും ആരോഗ്യവകുപ്പും നിർദേശിക്കുന്ന നിയന്ത്രണങ്ങൾ ഇങ്ങനെ:

click me!