വെള്ളമിറങ്ങിയിട്ടും ദുരിതമിറങ്ങാതെ ആറന്മുള; ഇവിടെ സഹായത്തിനും പക്ഷമുണ്ടെന്ന് ജനങ്ങള്‍

Published : Aug 05, 2019, 10:59 AM ISTUpdated : Aug 05, 2019, 12:29 PM IST
വെള്ളമിറങ്ങിയിട്ടും ദുരിതമിറങ്ങാതെ ആറന്മുള; ഇവിടെ സഹായത്തിനും പക്ഷമുണ്ടെന്ന് ജനങ്ങള്‍

Synopsis

'' ഒരു വര്‍ഷമായിട്ടും പത്തുപൈസ കിട്ടിയിട്ടില്ല, കയ്യിലും ഒന്നുമില്ല. കഞ്ഞിവച്ച് കുടിച്ചാണ് കിടക്കുന്നത്. പത്തുരൂപ ഉണ്ടെങ്കില്‍ വീടിങ്ങനെ കിടക്കില്ലല്ലോ!'' - കണ്ണുനിറഞ്ഞുകൊണ്ട് ആറന്മുള പുത്തേഴത്ത്മണ്ണിലെ പ്രസന്ന പറഞ്ഞു. 

മണ്ണും മനസും മരവിച്ചുപോയ മഹാപ്രളയം. കുലംകുത്തിയൊഴുകി വന്ന വെള്ളപ്പാച്ചിലിൽ കൊച്ചു കേരളം കാലിടറി നിന്ന ദിന രാത്രങ്ങൾ. നൂറ്റാണ്ടുകണ്ട മഹാമാരിക്കൊടുവിൽ എല്ലാം നഷ്ടപ്പെട്ട ദൈവത്തിന്‍റെ സ്വന്തം നാട് ഇന്ന് തിരിച്ച് വരവിന്റെ പാതയിലാണ്. അതിജീവനകഥകളും അനുഭവ സാക്ഷ്യങ്ങളും മുതൽ പുനരധിവാസം വരെ. അതിജീവനത്തിന്‍റെ ഒരാണ്ട്. പ്രളയാനന്തര കേരളത്തിന്‍റെ സമഗ്ര ചിത്രം ഏഷ്യാനെറ്റ് ന്യൂസിൽ...

ആറന്മുള: ആര്‍ത്തലച്ചെത്തിയ പമ്പയാര്‍ ഒരു നാടിനെ എത്രത്തോളം മുക്കിയെന്നതിന്‍റെ അടയാളമാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പടവുകള്‍. 15 പടിവരെ വെള്ളം നിറഞ്ഞിരുന്നു. പ്രളയം തകര്‍ത്ത ആറന്മുളയില്‍ നിന്ന് വെള്ളം മാത്രമേ ഇറങ്ങിയിട്ടുള്ളൂ. ഇവിടുത്തെ ജനങ്ങളുടെ ദുരിതം ഇപ്പോഴും ബാക്കിയാണ്. 

പ്രളയം തളർത്തിയ ആറന്മുളയെ ഉയർത്താൻ ഒരാണ്ട് പിന്നിട്ടിട്ടും സർക്കാരിനായിട്ടില്ല. അർഹതപ്പെട്ട ദുരിതാശ്വാസത്തിനായി വില്ലേജ് ഓഫീസും ,കളക്ടറേറ്റും കയറി ഇറങ്ങി ദുരിതബാധിതർ തളർന്നു. സർക്കാർ സഹായത്തിൽ പോലും വിവേചനമെന്നാണ് ദുരിതബാധിതരുടെ പരാതി.

'' ഒരു വര്‍ഷമായിട്ടും പത്തുപൈസ കിട്ടിയിട്ടില്ല, കയ്യിലും ഒന്നുമില്ല. കഞ്ഞിവച്ച് കുടിച്ചാണ് കിടക്കുന്നത്. പത്തുരൂപ ഉണ്ടെങ്കില്‍ വീടിങ്ങനെ കിടക്കില്ലല്ലോ! ഭര്‍ത്താവില്ല, മരിച്ചുപോയതാണ്. രണ്ട് പശുവിനെ വളര്‍ത്തിയാണ് ഇപ്പോള്‍  ജീവിക്കുന്നത് '' - കണ്ണുനിറഞ്ഞുകൊണ്ട് ആറന്മുള പുത്തേഴത്ത്മണ്ണിലെ പ്രസന്ന പറഞ്ഞു. 

''പഞ്ചായത്തില്‍ നിന്നും ബ്ലോക്കില്‍ നിന്നും വീടിന് സഹായം ലഭിച്ചിട്ടില്ല. പിന്നെ എവിടെനിന്നാണ് സഹായം ലഭിക്കുകയെന്ന് ഞാനവരോട് ചോദിച്ചു? നിവര്‍ത്തിയുണ്ടായിരുന്നേല്‍ ഇങ്ങനെ ആരുടെയും കാലുപിടിക്കില്ലായിരുന്നു. ഇതൊന്നും ഞങ്ങളാരും ഇടിച്ചിട്ടതല്ല. എല്ലാം അങ്ങനെതന്നെ കിടക്കുകയാണ്. കാറ്റും മഴയും വന്നാല്‍ ഓടെല്ലാം, താഴെ വീണാല്‍ പിന്നെ ഞങ്ങളുണ്ടാകുമോ ? '' - പുത്തേഴത്ത്മണ്ണില്‍ വിജയമ്മ ചോദിച്ചു. 

ചെളിവെള്ളം കയറി നശിച്ച വീട്ടുസാധനങ്ങള്‍ ഇപ്പോഴും ആറന്മുളയിലെ വീട്ടുമുറ്റങ്ങളില്‍ കാണാം. വെള്ളം കയറി നശിച്ച് ഉപേക്ഷിച്ച വാഹനങ്ങള്‍, തകര്‍ന്ന വീടുകള്‍ തുടങ്ങിയതാണ് ആറന്മുളയിലെ നിരത്തുകളിലെ കാഴ്ചകള്‍. 

''സഹായമായി പതിനായിരം രൂപ കിട്ടി. അതുകൊണ്ട് എന്ത് ചെയ്യാനാ! എല്ലാം ഇടിഞ്ഞ് വീഴാറായി. അടുത്ത മഴ കാണുമ്പൊ പേടിയാ ഒരു വര്‍ഷം ആയില്ലേ'' - പ്രളയം തകര്‍ത്ത വീട്ടില്‍ ഭീതിയോടെ കഴിയുന്ന തറയില്‍ മുക്കിലെ കനകമ്മാള്‍ പറഞ്ഞു. 

പ്രളയത്തിലെ ദുരിതവും നഷ്ടവും അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ വന്നെങ്കിലും പക്ഷം നോക്കി ശതമാനമിട്ടുവെന്നാണ് ആറന്മുള എഴിക്കാട് സ്വദേശിയായ ബിജു വർണ്ണശാല പറഞ്ഞത്. കുറച്ചുപേര്‍ക്ക് സര്‍ക്കാരും സ്വകാര്യ വ്യക്തികളും വീടുവച്ചുനല്‍കിയിട്ടുണ്ട്. എന്നാല്‍ അതിലിരട്ടിപേര്‍, പ്രളയത്തിന്‍റെ സ്മാരകങ്ങളായി നിലനില്‍ക്കുന്ന  ഇടിഞ്ഞുവീഴാറായ കൂരകളിലാണ് താമസം. ഇതാണ് ആറന്മുളയിലെ പ്രളയ പുനഃരധിവാസം. 

"

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
കേരളം പിടിയ്ക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നൊരു പാര്‍ട്ടി! ജെഎസ്എസ് താമരാക്ഷന്‍ വിഭാഗം ലയിച്ചു, കൂടെ മാത്യു സ്റ്റീഫനും