അഭയ കേസ്: പ്രതിഭാഗത്തിന് തിരിച്ചടി; നുണ പരിശോധന നടത്തിയ ഡോക്ടർമാരെ വിസ്‍തരിക്കും

By Web TeamFirst Published Oct 19, 2019, 11:24 AM IST
Highlights

അഭയ കേസിലെ പ്രതികളുടെ നുണപരിശോധന നടത്തിയ രണ്ട് ഡോക്ടർമാരെ സാക്ഷിവിസ്താരത്തിൽ നിന്നും ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യം തിരുവനന്തപുരം സിബിഐ കോടതി തള്ളി. 

തിരുവനന്തപുരം: അഭയ കേസിലെ പ്രതികളുടെ നുണപരിശോധന നടത്തിയ രണ്ട് ഡോക്ടർമാരെ സാക്ഷിവിസ്താരത്തിൽ നിന്നും ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യം തിരുവനന്തപുരം സിബിഐ കോടതി തള്ളി. സാക്ഷികൾക്ക് നോട്ടീസ് നൽകി കഴിഞ്ഞാൽ ഒഴിവാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അഭയ കേസിലെ രണ്ടാംഘട്ട സാക്ഷി വിസ്താരം ആരംഭിച്ചപ്പോൾ തന്നെ സാക്ഷികളായ ചില ഡോക്ടർമാരെ വിസ്തരിക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് പ്രതിഭാഗം തിരുവനന്തപുരം സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

അഭയ കേസിലെ വിചാരണ നേരിടുന്ന ഫാ തോമസ് കോട്ടൂർ, സെറ്റർ സെഫി എന്നിവരെ നുണപരിശോധന നടത്തിയ ഡോ. പ്രദീപ്, ഡോ. കൃഷ്ണവേണി തുടങ്ങിയവരെ സാക്ഷിവിസ്താരത്തിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഭാഗം അപേക്ഷ നല്‍കിയത്. 2007ൽ ബംഗ്ലൂരുവില്‍ ലാബിൽ വച്ചായിരുന്നു പരിശോധന. നുണപരിശോധന തെളിവായി സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഡോക്ടർമാരുടെ മൊഴിയെടുക്കേണ്ട ആവശ്യമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. മാത്രമല്ല നുണപരിശോധനാ ഫലം തള്ളികൊണ്ടാണ് പ്രതിപട്ടികയിലുണ്ടായിരുന്ന ഫാ. ജോസ് പുതൃക്കയിലിനെ ഒഴിവാക്കിയെന്നും അപേക്ഷയിൽ പറഞ്ഞിരുന്നു.

Read More: അഭയ കേസ്: നുണപരിശോധന നടത്തിയ ഡോക്ടർമാരെ സാക്ഷിവിസ്താരത്തിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിഭാഗം...

അതേസമയം അഭയ കൊലക്കേസിൽ ആലപ്പുഴ മെഡിക്കൽ കോളജിലെ മുൻ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക കരുണാകരനിൽ നിന്നും ഇന്നലെ കോടതി മൊഴിയെടുത്തിരുന്നു.  സിസ്റ്റർ സെഫിയെ സിബിഐ അറസ്റ്റ് ചെയ്തതിനുശേഷം കന്യകാത്വ പരിശോധന നടത്തിയിരുന്നു. കന്യകാത്വത്തിന് വേണ്ടി സിസ്റ്റർ സെഫി ശസ്ത്രക്രിയ നടത്തിയെന്നായിരുന്നു പരിശോധന റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ 19മത് സാക്ഷിയായി ഡോ. ലളിതാംബികയെ വിസ്തരിച്ചത്. എന്നാൽ സിസ്റ്റർ സെഫിയുടെ അഭിഭാഷകന്‍റെ ആവശ്യപ്രകാരം അടച്ചിട്ട കോടതിയിലാണ് സാക്ഷിയെ വിസ്തരിച്ചത്. പ്രതിയുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമായതിനാൽ അടച്ചിട്ട കോടതയിൽ സാക്ഷി വിസ്താരം വേണമെന്നായിരുന്നു പ്രതിഭാഗത്തിൻറെ ആവശ്യം. അഭയകേസിൻറെ വിചാരണ  ഈ മാസം 21 മുതൽ വീണ്ടും ആരംഭിക്കും.

Read More: അഭയ കൊലക്കേസ്: ഗൈനക്കോളജിസ്റ്റിൽ നിന്ന് കോടതി മൊഴിയെടുത്തു...

 

click me!