തിരുവനന്തപുരം അഭയ കേസിലെ പ്രതികളുടെ നുണപരിശോധന നടത്തിയ രണ്ട് ഡോക്ടർമാരെ സാക്ഷിവിസ്താരത്തിൽ നിന്നും ഒഴിവാക്കണമെന്ന് പ്രതിഭാഗം. നുണപരിശോധന നടത്തിയ ഡോ.പ്രദീപ്, ഡോ.കൃഷ്ണവേണി എന്നിവരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം തിരുവനന്തപുരം സിബിഐ കോടതിയിൽ അപേക്ഷ നൽകി. അതേ സമയം കോടതിയിൽ നിന്നും വാങ്ങിയ അഭയയുടെ തൊണ്ടിമുതലുകൾ തിരികെ നൽകിയിട്ടില്ലെന്ന് മുൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴി നൽകി.

അഭയ കേസിലെ രണ്ടാം ഘട്ട സാക്ഷി വിസ്താരം ആരംഭിച്ചപ്പോൾ തന്നെ സാക്ഷികളായ ചില ഡോക്ടർമാരെ വിസ്തരിക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് പ്രതിഭാഗം തിരുവനന്തപുരം സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുട‌ർന്ന് അഭയ കേസിലെ വിചാരണ നേരിടുന്ന ഫാ.തോമസ് കോട്ടൂർ, സിസ്റ്റ‌ർ സെഫി എന്നിവരെ നുണപരിശോധന നടത്തിയ രണ്ട് ഡോക്ടമാരെ സാക്ഷിവിസ്താരത്തിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. 

2007ൽ ബെം​ഗളൂരുവിലെ ലാബിൽ വച്ചായിരുന്നു പരിശോധന. നുണപരിശോധന തെളിവായി സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഡോക്ടർമാരുടെ മൊഴിയെടുക്കേണ്ട ആവശ്യമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. മാത്രമല്ല നുണപരിശോധനാഫലം തള്ളികൊണ്ടാണ് പ്രതിപട്ടിയിലുണ്ടായിരുന്ന. ഫാ.ജോസ് പുതൃക്കയിലിനെ ഒഴിവാക്കിയെന്നും അപേക്ഷയിൽ പറയുന്നു. 

അതേ സമയം കോട്ടയം ആർഡിഒ കോടതിയിൽ നിന്നും വാങ്ങിയ അഭയയുടെ തൊണ്ടി മുതലുകള്‍ തിരികെ നൽകാൻ തന്നെ ഏൽപ്പിച്ചിരുന്നുവെന്ന് മുൻ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സാമുവൽ സിബിഐക്ക് നൽകിയ മൊഴി കളവാണെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന മുൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.ശങ്കരൻ കോടതിയിൽ പറഞ്ഞു.

തൊണ്ടിമുതലുകൾ തിരികെ നൽകിയെന്ന് അഭയ കേസ് ആദ്യം അന്വേഷിച്ച ഡിവൈഎസ്പി സാമുവൻ കേസ് ഡയറിയിൽ എഴുതിയതിനെ കുറിച്ച് തനിക്കറിവില്ലെന്നും ശങ്കരൻ കോടതിയിൽ മൊഴി നൽകി. കോട്ടയം ആ‍ഡിഒ കോടതിയിൽ നിന്നും വാങ്ങികൊണ്ടുപോയ തൊണ്ടി മുതൽ സാമുവൽ തിരികെ നൽകിയില്ലെന്ന് കോടതി ജീവനക്കാരയായിരുന്ന ജോണും ദിവാകരൻ നായരും കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു.