
കൊച്ചി: സി എം ആർ എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടും മാസപ്പടിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മാധ്യമ പ്രവർത്തകൻ എം ആർ അജയനാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം സി ബി ഐക്ക് വിടണമെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ ആവശ്യം. സി എം ആർ എൽ, എക്സാലോജിക്, ശശിധരൻ കർത്ത, സി എം ആർ എൽ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരാണ് മറ്റ് എതിർകക്ഷികൾ. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. മുഖ്യമന്ത്രിക്കും മകൾ വീണയടക്കമുള്ളവർക്കുമെതിരെ സി ബി ഐ അന്വേഷണം വേണമെന്ന പൊതുതാൽപര്യ ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
അതിനിടെ മാസപ്പടി കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് കൈമാറി. പകർപ്പ് ആവശ്യപ്പെട്ട് ഇ ഡി നൽകിയ അപേക്ഷ എറണാകുളം അഡീഷണൽ കോടതി അംഗീകരിച്ചതിനെ തുടർന്നാണ് എസ് എഫ് ഐ ഒയുടെ നടപടി. എസ് എഫ് ഐ ഒയുടെ കുറ്റപത്രം പരിശോധിച്ചശേഷം തുടർനടപടികളിലേക്ക് പോകാനാണ് ഇ ഡിയുടെ നീക്കം. മാസപ്പടി ഇടപാടിൽ ഇൻകം ടാക്സ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സി എം ആർ എല്ലിനും മുഖ്യമന്ത്രിയുടെ മകൾ വീണയുടെ സ്ഥാപനത്തിനുമെതിരെ എൻഫോഴ്സ്മെന്‍റ് നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. എസ് എഫ് ഐ ഒ കോടതിയിൽ നൽകിയ കുറ്റപത്രത്തിനൊപ്പമുളള മൊഴികൾക്കും രേഖകൾക്കുമായി ഇ ഡി മറ്റൊരു അപേക്ഷ കോടതിയിൽ നൽകുമെന്നാണ് വിവരം. ഇതെല്ലാം കിട്ടിയ ശേഷമാകും കേസിൽ എന്ത് തുടർനടപടി വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam