സിദ്ധാർത്ഥന്‍റെ മരണം: അന്വേഷണം സിബിഐക്ക് കൈമാറുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ച, സസ്പെൻഷൻ ഉത്തരവ് പുറത്ത്

Published : Mar 26, 2024, 08:19 PM ISTUpdated : Mar 26, 2024, 09:49 PM IST
സിദ്ധാർത്ഥന്‍റെ മരണം: അന്വേഷണം സിബിഐക്ക് കൈമാറുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ച, സസ്പെൻഷൻ ഉത്തരവ് പുറത്ത്

Synopsis

ഫെബ്രുവരി ഒമ്പതിന് സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഇറങ്ങിയിട്ടും 17 ദിവസം വൈകി ഇന്ന് മാത്രമാണ് എല്ലാ രേഖകളും കൈമാറിയത്. അന്വേഷണ നടപടി വൈകിയതില്‍ ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല വീഴ്ചയുണ്ടായതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വലിയ വീഴ്ചയുണ്ടായിട്ടുണ്ടെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറില്‍ പറഞ്ഞു

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തിലെ അന്വേഷണം സിബിഐക്ക് കൈമാറുന്നതിൽ സംസ്ഥാന സർക്കാറിനുണ്ടായത് ഗുരുതര വീഴ്ച. വിജ്ഞാപനവും പ്രൊഫോമ റിപ്പോർട്ടും ഇന്ന് മാത്രമാണ് കേന്ദ്രത്തിന് കൈമാറിയത്. കേന്ദ്രത്തിന് അയക്കേണ്ട വിജ്ഞാപനം ആഭ്യന്തരവകുപ്പ് 16ന് അയച്ചത് കൊച്ചിയിലെ സിബിഐ ഓഫീസിലേക്കായിരുന്നു. അതേസമയം, ഗുരുതര വീഴ്ചയിൽ ആഭ്യന്തരവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് തലയൂരാനാണ് സർക്കാർ ശ്രമം. സംസ്ഥാനത്ത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ കേസ് സിബിഐക്ക് വിടുന്നതിൽ സംസ്ഥാന സർക്കാരിനുണ്ടായത് അടിമുടി വീഴ്ച.

മാര്‍ച്ച് ഒമ്പതിന് ഇറക്കിയ വിജ്ഞാപനം 16ന് കേന്ദ്രത്തിന് കൈമാറിയെന്നായിരുന്നു ഇന്നലെ വരെയുള്ള സർക്കാറിന്‍റെ വിശദീകരണം. പക്ഷെ വിജ്ഞാപനം 16ന് നൽകിയത് കേന്ദ്രത്തിനായിരുന്നില്ലെന്നും മറിച്ച് കൊച്ചിയിലെ സിബിഐ യൂണിറ്റിന് മാത്രമായിരുന്നുവെന്നുമുള്ള വിവരമാണ് ഒടുവിൽ പുറത്തുവരുന്നത്. വിജ്ഞാപനത്തിന് ഒപ്പം കൈമാറേണ്ട പ്രൊഫോമ റിപ്പോർട്ടും നൽകിയത് ഇന്ന് മാത്രം. എഫ്ഐആറിന്‍റെ പരിഭാഷയും കേസിന്‍റെ നാൾ വഴികളുമടങ്ങിയ പ്രൊഫോമ റിപ്പോർട്ട് കൂടി കിട്ടിയാലേ സിബിഐക്ക് അന്വേഷണത്തിൽ നിലപാട് എടുക്കാനാകു. ഡിവൈഎസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി രേഖകൾ കൃത്യമായി കേന്ദ്രത്തിന് എത്തിക്കേണ്ട സ്ഥാനത്താണ് ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥർ രേഖകൾ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിച്ചത്.

എല്ലാം  ചെയ്തുവെന്ന് പുറത്ത് അവകാശപ്പെടുമ്പോൾ ഒരു നടപടിക്രവും സംസ്ഥാനം പൂർത്തിയാക്കിയിരുന്നില്ല. സിദ്ധാർത്ഥന്‍റെ കുടുംബം വീണ്ടും പ്രതിഷേധവുമായി രംഗത്ത് വരികയും പ്രതിപക്ഷം സർക്കാറിന്‍റെ മെല്ലെപ്പോക്ക് ആയുധമാക്കുകയും ചെയ്തതോടെയാണ് മുഖം രക്ഷിക്കാൻ ഇന്ന് മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ആഭ്യന്തരവകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി  വികെ പ്രശാന്ത, സെക്ഷൻ ഓഫീസർ ബിന്ദു വികെ , അസിസ്റ്റൻറ് അഞ്ജു എസ് എൽ എന്നിവർക്കാണ് ഫയൽ നീക്കത്തിലെ മെല്ലെപ്പോക്കിൽ സസ്പെൻഷൻ. ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചകൾ എണ്ണിപ്പറഞ്ഞാണ് സസ്പെൻഷൻ ഉത്തരവ്. 20ന് ഡിജിപി ആവശ്യപ്പെട്ടിട്ടു പോലും ഫയൽ നീങ്ങിയില്ലെന്നും ഉത്തരവിൽ പറയുന്നു.

കേന്ദ്രത്തിന് വിജ്ഞാപനം അയച്ചോ എന്നുറപ്പാക്കേണ്ടതിൽ ആഭ്യന്തര സെക്രട്ടറിക്ക് അടക്കം വീഴ്ച ഉണ്ടായിരിക്കെയാണ് 3 ഉദ്യോഗസ്ഥർക്കെതിരെ മാത്രമുള്ള നടപടി. വിജ്ഞാപനം ഇറക്കി 17 ദിവസമാണ് സർക്കാറിൻറെ അലംഭാവം കൊണ്ട് നഷ്ടമാക്കിയത്. പേരിന് വിജ്ഞാപനം ഇറക്കി വിവാദം അവസാനിപ്പിക്കാൻ മാത്രമായിരുന്നു സർക്കാർ ശ്രമമെന്നാണ് വീഴ്ചകളുടെ പരമ്പര കാണിക്കുന്നത്.

അതേസമയം, അന്വേഷണ നടപടി വൈകിയതില്‍ ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല വീഴ്ചയുണ്ടായതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വലിയ വീഴ്ചയുണ്ടായിട്ടുണ്ടെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറില്‍ പറഞ്ഞു. സിബിഐ അന്വേഷണത്തിനായി സര്‍ക്കാര്‍വിജ്ഞാപനമിറക്കിയതിനുശേഷം 17 ദിവസം ഉന്നത ഉദ്യോഗസ്ഥര്‍ എന്ത് ചെയ്യുകയായിരുന്നു? തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആഭ്യന്തര സെക്രട്ടറിക്കെതിരെയും നടപടി വേണം. 16ന് കത്തയച്ചുവെന്നാണ് അഭ്യന്തര വകുപ്പില്‍ അന്വേഷിച്ചപ്പോള്‍ പറഞ്ഞത്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു.

സിദ്ധാര്‍ത്ഥന്‍റെ മരണം; ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 3 പേര്‍ക്ക് സസ്പെന്‍ഷൻ

 

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം