ജിഷ്ണു പ്രണോയിയുടേത് ആത്മഹത്യയെന്ന് സിബിഐ

Published : Sep 30, 2019, 04:16 PM ISTUpdated : Sep 30, 2019, 05:10 PM IST
ജിഷ്ണു പ്രണോയിയുടേത് ആത്മഹത്യയെന്ന് സിബിഐ

Synopsis

പ്രതിപ്പട്ടികയില്‍ നിന്ന് നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഒഴിവാക്കിയിട്ടുണ്ട്. 2017 ജനുവരി ആറിനാണ് ജിഷ്ണുവിനെ കോളേജ് ഹോസ്റ്റലില്‍ ദുരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ്,വിവാദങ്ങള്‍ ശക്തമായതിനെത്തുടര്‍ന്നാണ്  സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സിബിഐ ഏറ്റെടുത്തത്


തൃശ്ശൂര്‍:  പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയാണെന്ന് സിബിഐയുടെ കുറ്റപത്രം. രണ്ടുപേര്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി. പ്രതിപ്പട്ടികയില്‍ നിന്ന് നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഒഴിവാക്കിയിട്ടുണ്ട്. 

2017 ജനുവരി ആറിനാണ് ജിഷ്ണുവിനെ കോളേജ് ഹോസ്റ്റലില്‍ ദുരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചത് കണ്ടുപിടിച്ചതിന്‍റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തതാണ് എന്നായിരുന്നു പ്രാഥമികനിഗമനം. പിന്നീട് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇവിടെയുള്ള ഇടിമുറിയെപ്പറ്റി പൊലീസിന് മൊഴി നല്‍കി. പോസ്റ്റുമോര്‍ട്ടത്തില്‍ ജിഷ്ണുവിന്‍റെ കണ്ണിലും മൂക്കിലും രക്തക്കറ കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയില്‍ വൈസ് പ്രിന്‍സിപ്പാളിന്‍റെ ഓഫീസ് മുറിയിലും രക്തക്കറ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് വലിയ സമരമുണ്ടായതും സംഭവം വിവാദമായതും. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ്,വിവാദങ്ങള്‍ ശക്തമായതിനെത്തുടര്‍ന്നാണ്  സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സിബിഐ ഏറ്റെടുത്തത്. 

എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ്, ജിഷ്ണുവിന്‍റേത് ആത്മഹത്യയാണെന്ന നിഗമനം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരിക്കുന്നത്. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ എന്‍ ശക്തിവേല്‍, ഇന്‍വിജിലേറ്ററും അസിസ്റ്റന്‍റ് പ്രൊഫസറുമായ സി പി പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരിക്കുന്നത്. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ അഞ്ചുപേരെയാണ് പ്രതികളായി കണ്ടെത്തിയിരുന്നത്. നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ്, എന്‍ ശക്തിവേല്‍,  പി പി പ്രവീണ്‍,  പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍, പരീക്ഷാച്ചുമതലയിലുണ്ടായിരുന്ന അധ്യാപകന്‍ ബിപിന്‍ എന്നിവരാണ് അന്ന് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. 

Read Also: ജിഷ്ണു പ്രണോയ്‍ മരിച്ചിട്ട് രണ്ട് വര്‍ഷം; നീതിക്ക് വേണ്ടി ഒരു കുടുംബം പോരാടുന്നു

ജിഷ്ണു പ്രണോയ് പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് തെറ്റായി പ്രചരിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കോപ്പിയടിച്ചെന്ന് ജിഷ്ണുവിനെക്കൊണ്ട് ബലമായി എഴുതി ഒപ്പിട്ടുവാങ്ങി. എന്‍ ശക്തിവേലും സി പി പ്രവീണുമാണ് ഇങ്ങനെ എഴുതി വാങ്ങിയത്. അതുകൊണ്ടാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. എന്നാല്‍, കൃഷ്ണദാസിനും മറ്റുള്ളവര്‍ക്കുമെതിരെ തെളിവുകള്‍ ലഭിച്ചില്ല. സംഭവം നടക്കുമ്പോള്‍ കൃഷ്ണദാസ് കോളേജില്‍ ഉണ്ടായിരുന്നുമില്ല. അതുകൊണ്ടുതന്നെ അവര്‍ക്കൊന്നുമെതിരെ കുറ്റം ചുമത്താനാവില്ലെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

ജിഷ്ണുവിന്‍റെ അമ്മാവന്‍ ശ്രീജിത്തിന്‍റെ പ്രതികരണം..

"ഇപ്പോള്‍ സിബിഐ ആയുധം കണ്ടെത്തിയെന്ന് മാത്രമേ പറയാനാകൂ. ശക്തിവേലും പ്രവീണും ആയുധങ്ങള്‍ മാത്രമാണ്. ഇവരെ ഉപയോഗിച്ചവരെ കോടതി തെളിവില്ലെന്ന് പറഞ്ഞ് വെറുതെവിട്ടു. എന്തുതന്നെയായാലും നീതിന്യായ വ്യവസ്ഥയുടെ അങ്ങേയറ്റം വരെ പോകുക. വേണ്ടത്ര ശാസ്ത്രീയ പരിശോധനയോ വിശദമായ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. സിബിഐക്ക് സംഭവിച്ച പിഴവ് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കും."
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി